വീടുവെഞ്ചരിപ്പ്

കാർമ്മി: പിതാവിന്റെയും + പുത്രന്റെയും …

കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ (സമൂഹവും ചേർന്ന്) …

(വിശുദ്ധ ജലം വെഞ്ചരിച്ചിട്ടില്ലെങ്കിൽ)

കാർമ്മി: രോഗങ്ങൾ സുഖപ്പെടുത്തുവാനും പിശാചുക്കളെ ബഹിഷ്കരിക്കുവാനും സൃഷ്ടികളായ മനുഷ്യർക്ക് അധികാരം നല്കിയ കർത്താവേ, ആത്മീയവും ശാരീരികവുമായ എല്ലാ രോഗങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ. ദൈവരാജ്യം നേടണമെങ്കിൽ ജലത്താലും പരിശുദ്ധാത്മാവിനാലും വീണ്ടും ജനിക്കണമെന്ന് അരുളിച്ചെയ്ത കർത്താവേ, അങ്ങയുടെ ബഹുമാനത്തിനും ഞങ്ങളുടെ വിശുദ്ധീകരണത്തിനുമായി ഈ ജലം ആശീർവദിക്കണമേ. ഇത് ഉപയോഗിക്കുന്ന വ്യക്തികളേയും, ഇത് തളിക്കപ്പെടുന്ന സ്ഥലങ്ങളേയും പ്രത്യേകമായി സംരക്ഷിക്കണമേ. പിതാവിന്റെയും + പുത്രന്റെയും + പരിശുദ്ധാത്മാവിന്റെയും + നാമത്തിൽ. ആമ്മേൻ.

(രൂപം വെഞ്ചരിപ്പ്)

അങ്ങേ തിരുക്കുമാരെന്റെ ജീവനുള്ള പ്രതിരൂപങ്ങളാകുവാൻ ഞങ്ങളെ തിരഞ്ഞെടുത്ത ദൈവമേ, ഈ രൂപം (രൂപങ്ങാൾ) + ആശീർവദിക്കണമേ. അങ്ങയുടെ മഹത്വത്തിനായി പ്രതിഷ്ഠിക്കപ്പെടുന്ന ഈ രൂപം (രൂപങ്ങൾ) ഞങ്ങളുടെ കർത്താവീശോമിശിഹായുടെ ഓർമ ഞങ്ങളിൽ എന്നും നിലനിർത്തട്ടെ. ഞങ്ങൾ പ്രാർത്ഥിക്കുവാനായി ഈ രൂപത്തിന്റെ (രൂപങ്ങളുടെ) മുമ്പിൽ ഒരുമിച്ചു കൂടുമ്പോൾ അങ്ങു ഞങ്ങളുടെ മദ്ധ്യത്തിൽ ഉണ്ടാകണമേ. പ്രാർത്ഥന സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കുകയും പരിശുദ്ധരായി ജീവിക്കുവാൻ ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ. ഇപ്പോഴും + എപ്പോഴും എന്നേക്കും ആമ്മേൻ.

(രൂപത്തിൽ വിശുദ്ധ ജലം തളിക്കുന്നു).

കാർമ്മി: ഞങ്ങളുടെ ദൈവമായ കർത്താവേ, ഈ ഭവനത്തേയും ഇതിലെ നിവാസികളേയും ആശിർവ്വദിക്കണമേ. ആത്മീകവും ശാരീരികവുമായ എല്ലാ അപകടങ്ങളിലും നിന്ന് ഇവരെ കാത്തുകൊള്ളണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ.

സമൂഹം: ആമ്മേൻ.

കാർമ്മി: സൈന്യങ്ങളുടെ ദൈവമായ കർത്താവേ, അങ്ങയുടെ ഭവനം എത്ര മനോഹരമാകുന്നു.

സമൂഹം: അങ്ങയുടെ ഭവനത്തിൽ വസിക്കുന്നവർ എത്ര ഭാഗ്യവാന്മാരാകുന്നു.
കാർമ്മി: അന്യസ്ഥലത്ത് ആയിരം ദിവസത്തേക്കാൾ അങ്ങയുടെ അങ്കണത്തിൽ ഒരുദിവസം കൂടുതൽ അഭികാമ്യമാണല്ലോ.

സമൂഹം: ദുഷ്ടന്മാരുടെ കൂടാരങ്ങളേക്കാൾ ദൈവഭവനത്തിന്റെ വാതിൽ‌പ്പടി ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നു.

കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

സമൂഹം: ആദിമുതൽ എന്നേക്കും ആമ്മേൻ.

ശുശ്രൂ: പ്രാർത്ഥിക്കാം നമുക്കു സമാധാനം.

കാർമ്മി: കാരുണ്യവാനായ കർത്താവേ, ഞങ്ങളുടെ ഈ ഭവനത്തെ അങ്ങയുടെ ആലയമായി സ്വീകരിക്കണമേ. ദുഃഖങ്ങളിൽ ആശ്വാസവും, ആവശ്യങ്ങളിൽ സഹായവും നല്കി എല്ലാ ദിവസവും ഞങ്ങളോടുകൂടെ വസിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ.

സമൂഹം: ആമ്മേൻ.

(രൂപത്തിനു മുമ്പിലെ ദീപം തെളിക്കുന്നു)

കാർമ്മി: “ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു. എന്നെ അനുഗമിക്കുന്നവർ അന്ധകാരത്തിൽ നടക്കുകയില്ല” (യോ 8:12) എന്ന് അരുളിച്ചെയ്ത കർത്താവ് ഈ ഭവനത്തിന്റെ പ്രകാശവും ജീവനുമായിരിക്കട്ടെ.

സർവ്വാധിപനാം കർത്താവേ
നിൻ സ്തുതി ഞങ്ങൾ പാടുന്നു
ഈശോനാഥാ വിനയമൊടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.

മർത്ത്യനു നിത്യ മഹോന്നതമാം
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.

ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം സമാധാനം നമ്മോടു കൂടെ

കാർമ്മി: എന്റെ കർത്താവേ നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയിർപ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനും ജീവനെ നിത്യം പരിപാലിക്കുന്നവനും ആകുന്നു. ഞങ്ങൾ എപ്പോഴും നിനക്ക് സ്തുതിയും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുവാൻ കടപ്പെട്ടവരാണ് സകലത്തെയും നാഥാ എന്നേക്കും.

സമൂഹം: ആമ്മേൻ

ശബ്ദമുയർത്തി പാടിടുവിൻ
സർവ്വരുമൊന്നായി പാടിടുവിൻ
എന്നെന്നും ജീവിക്കും
സർവ്വേശ്വരനെ വാഴ്ത്തിടുവിൻ

പരിപാവനനാം സർവ്വേശാ
പരിപാവനനാം ബലവാനേ
പരിപാവനനാം അമർത്യനേ
കാരുണ്യം നീ ചൊരിയണമേ

ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.

കാർമ്മി: വിശുദ്ധരിൽ സംപ്രീതനായി വസിക്കുന്ന പരിശുദ്ധനും സ്തുത്യർഹനും ബലവാനും അമർത്യനുമായ കർത്താവേ, അങ്ങയുടെ സ്വഭാവത്തിനൊത്തവിധം എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും.

സമൂഹം: ആമ്മേൻ

കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ ജീവദായകവും ദൈവികവുമായ കൽപ്നകളുടെ മധുരസ്വരം ശ്രദ്ധിക്കുന്നതിനും ഗ്രഹിക്കുന്നതിനും ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ. അതുവഴി, ആത്മശരീരങ്ങൾക്കുപകരിക്കുന്ന സ്നേഹവും ശരണവും രക്ഷയും ഞങ്ങളിൽ ഫലമണിയുന്നതിനും നിരന്തരം ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നതിനും അങ്ങയുടെ കാരുണ്യത്താലും അനുഗ്രഹത്താലും ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.

സമൂഹം: ആമ്മേൻ

വേദപുസ്തകവായന

ശുശ്രൂഷി: പുറപ്പാടിന്റെ പുസ്തകത്തിൽ നിന്നുള്ള വായന (12:1-12)

കര്‍ത്താവ്‌ ഈജിപ്‌തില്‍ വച്ചു മോശയോടും അഹറോനോടും അരുളിച്ചെയ്‌തു: ഈ മാസം നിങ്ങള്‍ക്കു വര്‍ഷത്തിന്റെ ആദ്യ മാസമായിരിക്കണം. ഇസ്രായേല്‍ സമൂഹത്തോടു മുഴുവന്‍ പറയുവിന്‍: ഈ മാസം പത്താംദിവസം ഓരോ കുടുംബത്തലവനും ഓരോ ആട്ടിന്‍കുട്ടിയെ കരുതിവയ്‌ക്കണം; ഒരു വീടിന്‌ ഒരാട്ടിന്‍കുട്ടി വീതം. ഏതെങ്കിലും കുടുംബം ഒരാട്ടിന്‍കുട്ടിയെ മുഴുവന്‍ ഭക്‌ഷിക്കാന്‍മാത്രം വലുതല്ലെങ്കില്‍ ആളുകളുടെ എണ്ണം നോക്കി അയല്‍ക്കുടുംബത്തെയും പങ്കുചേര്‍ക്കട്ടെ. ഭക്‌ഷിക്കാനുള്ള കഴിവു പരിഗണിച്ചുവേണം ഒരാടിനു വേണ്ട ആളുകളുടെ എണ്ണം നിശ്‌ചയിക്കാന്‍. കോലാടുകളില്‍ നിന്നോ ചെമ്മരിയാടുകളില്‍നിന്നോ ആട്ടിന്‍കുട്ടിയെ തിരഞ്ഞെടുത്തുകൊള്ളുക: എന്നാല്‍, അത്‌ ഒരു വയസ്‌സുള്ളതും ഊനമററതുമായ മുട്ടാട്‌ ആയിരിക്കണം. ഈ മാസം പതിന്നാലാം ദിവസംവരെ അതിനെ സൂക്‌ഷിക്കണം.

ഇസ്രായേല്‍ സമൂഹം മുഴുവന്‍ തങ്ങളുടെ ആട്ടിന്‍കുട്ടികളെ അന്നു സന്ധ്യയ്‌ക്കു കൊല്ലണം. അതിന്റെ രക്‌തത്തില്‍ നിന്നു കുറച്ചെടുത്ത്‌ ആടിനെ ഭക്‌ഷിക്കാന്‍ കൂടിയിരിക്കുന്ന വീടിന്റെ രണ്ടു കട്ടിളക്കാലുകളിലും മേല്‍പടിയിലും പുരട്ടണം. അവര്‍ അതിന്റെ മാംസം തീയില്‍ ചുട്ട്‌ പുളിപ്പില്ലാത്ത അപ്പവും കയ്‌പുള്ള ഇലകളും കൂട്ടി അന്നു രാത്രി ഭക്‌ഷിക്കണം. ചുട്ടല്ലാതെ പച്ചയായോ വെള്ളത്തില്‍ വേവിച്ചോ ഭക്‌ഷിക്കരുത്‌. അതിനെ മുഴുവനും, തലയും കാലും ഉള്‍ഭാഗവുമടക്കം ചുട്ട്‌ ഭക്‌ഷിക്കണം.പ്രഭാതമാകുമ്പോള്‍ അതിൽ യാതൊന്നും അവശേഷിക്കരുത്‌. എന്തെങ്കെിലും മിച്ചം വന്നാല്‍ തീയില്‍ ദഹിപ്പിക്കണം. ഇപ്രകാരമാണ്‌ അതു ഭക്‌ഷിക്കേണ്ടത്‌: അരമുറുക്കി ചെരുപ്പുകളണിഞ്ഞ്‌ വടി കൈയിലേന്തി തിടുക്കത്തില്‍ ഭക്‌ഷിക്കണം. കാരണം, അതു കര്‍ത്താവിന്റെ പെസഹായാണ്‌. ആ രാത്രി ഞാന്‍ ഈജിപ്‌തിലൂടെ കടന്നുപോകും. ഈജിപ്‌തിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യജാതരെയെല്ലാം ഞാന്‍ സംഹരിക്കും. ഈജിപ്‌തിലെ ദേവന്‍മാര്‍ക്കെല്ലാം എതിരായി ഞാന്‍ ശിക്‌ഷാവിധി നടത്തും. ഞാനാണ്‌ കര്‍ത്താവ്‌. കട്ടിളയിലുള്ള രക്‌തം നിങ്ങള്‍ ആ വീട്ടില്‍ താമസിക്കുന്നുവെന്നതിന്റെ അടയാളമായിരിക്കും. അതു കാണുമ്പോള്‍ ഞാന്‍ നിങ്ങളെ കടന്നുപോകും. ഞാന്‍ ഈജിപ്‌തിനെ പ്രഹരിക്കുമ്പോള്‍ ആ ശിക്‌ഷ നിങ്ങളെ ബാധിക്കുകയില്ല.

സമൂഹം: നമ്മുടെ ദൈവമായ കർത്താവിനു സ്തുതി.

സുവിശേഷ വായന

ശുശ്രൂഷി: നമുക്ക് ശ്രദ്ധാപൂർവ്വം നിന്ന് പരിശുദ്ധ സുവിശേഷം ശ്രവിക്കാം.

കാർമ്മികൻ: സമാധാനം നിങ്ങളോടുകൂടെ

സമൂഹം: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ

കാർമ്മികൻ: വിശുദ്ധ ലൂക്കാ അറിയിച്ച നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം. (19:1-9)

സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.

കാർമ്മി: യേശു ജറീക്കോയില്‍ പ്രവേശിച്ച്‌ അതിലൂടെ കടന്നുപോവുകയായിരുന്നു. അവിടെ സക്കേവൂസ്‌ എന്നു പേരായ ഒരാളുണ്ടായിരുന്നു. അവന്‍ ചുങ്കക്കാരില്‍ പ്രധാനനും ധനികനുമായിരുന്നു. യേശു ആരെന്നു കാണാന്‍ അവന്‍ ആഗ്രഹിച്ചു. പൊക്കം കുറവായിരുന്നതിനാല്‍ ജനക്കൂട്ടത്തില്‍ നിന്നുകൊണ്ട്‌ അതു സാധ്യമായിരുന്നില്ല. യേശുവിനെ കാണാന്‍വേണ്ടി അവന്‍ മുമ്പേ ഓടി, ഒരു സിക്കമൂര്‍ മരത്തില്‍ കയറിയിരുന്നു. യേശു അതിലേയാണ്‌ കടന്നുപോകാനിരുന്നത്‌. അവിടെയെത്തിയപ്പോള്‍ അവന്‍ മുകളിലേക്കു നോക്കിപ്പറഞ്ഞു: സക്കേവൂസ്‌, വേഗം ഇറങ്ങിവരുക. ഇന്ന്‌ എനിക്കു നിന്റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു. അവന്‍ തിടുക്കത്തില്‍ ഇറങ്ങിച്ചെന്ന്‌ സന്തോഷത്തോടെ അവനെ സ്വീകരിച്ചു.

ഇതു കണ്ടപ്പോൾ അവരെല്ലാവരും പിറുപിറുത്തു: ഇവന്‍ പാപിയുടെ വീട്ടില്‍ അതിഥിയായി താമസിക്കുന്നല്ലോ. സക്കേവൂസ്‌ എഴുന്നേറ്റു പറഞ്ഞു: കര്‍ത്താവേ, ഇതാ, എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍, നാലിരട്ടിയായി തിരിച്ചു കൊടുക്കുന്നു. യേശു അവനോടു പറഞ്ഞു: ഇന്ന്‌ ഈ ഭവനത്തിനു രക്ഷ ലഭിച്ചിരിക്കുന്നു.

സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.

സമൂഹപ്രാർഥന

ശുശ്രൂഷി: നമുക്കെല്ലാവർക്കും സന്തോഷത്തോടും ഭക്തിയോടും കൂടെനിന്നു “കർത്താവേ, ഈ കുടുംബാംഗങ്ങളെ അനുഗ്രഹിക്കണമേ” എന്ന് അപേക്ഷിക്കാം.

സമൂ: കർത്താവേ, ഈ കുടുംബാംഗങ്ങളെ അനുഗ്രഹിക്കണമേ.

ശുശ്രൂഷി: അദ്ധ്വാനവും പ്രാർത്ഥനയും വഴി യഥാർത്ഥ ക്രിസ്തീയ ജീവിതം നയിച്ചുകൊണ്ട് നിരന്തരം അങ്ങയെ പ്രീതിപ്പെടുത്തുവാൻ.

സമൂ: കർത്താവേ, ഈ കുടുംബാംഗങ്ങളെ അനുഗ്രഹിക്കണമേ.

ശുശ്രൂഷി: അങ്ങയുടെ പുതിയ കല്പനയനുസരിച്ച് ഉപവിയോടുകൂടെ ജീവിക്കുവാനും പരസ്പരം ക്ഷമിക്കുവാനും.

സമൂ: കർത്താവേ, ഈ കുടുംബാംഗങ്ങളെ അനുഗ്രഹിക്കണമേ.

ശുശ്രൂഷി: ദരിദ്രരെ സഹായിക്കുവാനും, എല്ലാ മനുഷ്യരോടും അനുകമ്പ കാണിക്കുവാനും.

സമൂ: കർത്താവേ, ഈ കുടുംബാംഗങ്ങളെ അനുഗ്രഹിക്കണമേ.

ശുശ്രൂഷി: ജീ‍വിതകർത്തവ്യങ്ങളെല്ലാം കൃത്യമായി നിർവ്വഹിക്കുവാനും, അങ്ങയുടെ സ്നേഹത്തിന് അർഹരായിത്തീരുവാനും.

സമൂ: കർത്താവേ, ഈ കുടുംബാംഗങ്ങളെ അനുഗ്രഹിക്കണമേ.

ശുശ്രൂഷി: സാമ്പത്തിക ബുദ്ധിമുട്ടുകളും ജീവിതത്തിലെ മറ്റു ക്ലേശങ്ങളും സന്തോഷപൂർവ്വം സഹിച്ചുകൊണ്ട് അങ്ങയെ പിന്തുടരുവാൻ.

സമൂ: കർത്താവേ, ഈ കുടുംബാംഗങ്ങളെ അനുഗ്രഹിക്കണമേ.

ശുശ്രൂഷി: തിരുക്കുടുംബത്തിന്റെ മാതൃകയനുസരിച്ച് സമാധാനപൂർവ്വം ജീവിക്കുവാൻ.

സമൂ: കർത്താവേ, ഈ കുടുംബാംഗങ്ങളെ അനുഗ്രഹിക്കണമേ.

ശുശ്രൂഷി: ഭാഗ്യമുള്ള മരണംവഴി അവസാനം അങ്ങയെ പ്രാപിക്കുവാൻ.

സമൂ: കർത്താവേ, ഈ കുടുംബാംഗങ്ങളെ അനുഗ്രഹിക്കണമേ.

ശുശ്രൂഷി: പ്രാർഥിക്കം, നമുക്ക് സമാധാനം.

കാർമ്മി: ഈജിപ്തിലെ അടിമത്തത്തിൽ‌വച്ച് ഇസ്രായേൽക്കാരുടെ കുടുംബങ്ങളെ അപകടത്തിൽ നിന്നു രക്ഷിച്ച കാരുണ്യവാനായ കർത്താവേ, (പുതുതായി രൂപം കൊണ്ടിരിക്കുന്ന) ഈ കുടുംബത്തെ ആശീർവ്വദിക്കണമേ +. അങ്ങയുടെ തിരുസഭയിൽ സജീവമായി പ്രവർത്തിക്കുന്ന പ്രധാനഘടകം കുടുംബമാകയാൽ പൈതൃകമായ അനുഗ്രഹം നല്കി ഇതിനെ കാത്തുരക്ഷിക്കണമേ. സന്തോഷത്തിലും ദുഃഖത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലുമെല്ലാം അങ്ങയുടെ തിരുമനസ്സു നിറവേറ്റുവാൻ ഈ കുടുംബാംഗങ്ങളെ സഹായിക്കണമേ. ശിശുക്കളെ സംരക്ഷിക്കുകയും പരിശുദ്ധരായി വളർന്നുവരുവാൻ അവരെ അനുഗ്രഹിക്കുകയും ചെയ്യണമേ. പിതാവും + പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ.

സമൂഹം: ആമ്മേൻ.

സങ്കീർത്തനം

കർത്താവിനോടു നന്ദി പറയുവിൻ:
എന്തെന്നാൽ അവിടുന്നു നല്ലവനാകുന്നു.

ക്ലേശകാലത്തു ഞാൻ കർത്താവിനോടു പ്രാർത്ഥിച്ചു
അവിടുന്നു സന്തോഷത്തോടെ ഉത്തരമരുളി.

എനിക്കു തുണയായി കർത്താവുള്ളതിനാൽ
ഞാൻ ആരെയും ഭയപ്പെടുകയില്ല.

കർത്താവു സഹായത്തിനുള്ളപ്പോൾ
മനുഷ്യന് എന്നോടു എന്തുചെയ്യാൻ കഴിയും.

മനുഷ്യനേക്കാൾ ദൈവത്തെ ആശ്രയിക്കുന്നത്
എത്രയോ വിശിഷ്ടമാകുന്നു!

എന്റെ ബലവും ബഹുമാനവും കർത്താവാകുന്നു;
അവിടുന്ന് എന്റെ രക്ഷകനാണല്ലോ.

കർത്താവിന്റെ തൃക്കരം എന്നെ ഉയർത്തി
അവിടുത്തേ വലംകൈ വിജയിച്ചിരിക്കുന്നു.

നീതിയുടെ വാതിൽ തുറക്കുവിൻ
അകത്തുകടന്നു ഞാൻ കർത്താവിനെ സ്തുതിക്കട്ടെ.

ഈ വാതിൽ കർത്താവിന്റേതാകുന്നു:
നീതിമാന്മാർ ഇതിലൂടെ പ്രവേശിക്കുന്നു.

പ്രാർത്ഥനകേട്ടു എന്നെ രക്ഷിച്ചതിനാൽ
ഞാൻ അവിടുത്തോടു നന്ദി പറയുന്നു.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
ആദിമുതൽ എന്നേക്കും ആമ്മേൻ.

(കാർമ്മികൻ കുടുംബാംഗങ്ങളുടെമേലും മുറികളിലും വിശുദ്ധ ജലം തളിക്കുന്നു. അപ്പോൾ സമൂഹം കർത്താവിന്റെ ലുത്തിനിയാ ആലപിക്കാം).

കർത്താവിന്റെ ലുത്തിനിയ

കർത്താവേ, കനിയണമേ
മിശിഹായേ, കനിയണമേ
കർത്താവേ ഞങ്ങളണയ്ക്കും
പ്രാർത്ഥന സദയം കേൾക്കണമേ.

സ്വർഗ്ഗപിതാവാം സകലേശാ
ദിവ്യാനുഗ്രഹമേകണമേ
നരരക്ഷകനാം മിശിഹായേ
ദിവ്യാനുഗ്രഹമേകണമേ.

ദൈവാത്മാവാം സകലേശാ
ദിവ്യാനുഗ്രഹമേകണമേ,
പരിപാവനമാം ത്രീത്വമേ
ദിവ്യാനുഗ്രഹമേകണമേ.

നൃപനാം മിശിഹാ കർത്താവേ
നിത്യപിതാവിൻ പ്രിയസൂനോ
മർത്യകുലത്തിൻ രക്ഷകനേ,
ദിവ്യാനുഗ്രഹമേകണമേ.

നരനുടെ നിലവിളി കേട്ടവനേ.
നരനെത്തേടിയണഞ്ഞവനേ
കനിവുനിറഞ്ഞൊരു നല്ലിടയാ,
ദിവ്യാനുഗ്രഹമേകണമേ.

മർത്യശരീരമെടുത്തവനേ,
മർദ്ദനമേറ്റു മരിച്ചവനേ,
മഹിമയിൽ വീണ്ടുമുയിർത്തവനേ,
ദിവ്യാനുഗ്രഹമേകണമേ.

പാപം പൂട്ടിയ നാകത്തിൻ
പാവനവാതിൽ തുറന്നവനേ
മാനവനാശപകർന്നവെനേ,
ദിവ്യാനുഗ്രഹമേകണമേ.

അദ്ധ്വാനിച്ചു വലഞ്ഞവനും
ഭാരമെടുത്തു കുഴഞ്ഞവനും
സാന്ത്വനമരുളിയ ഗുരുനാഥാ,
ദിവ്യാനുഗ്രഹമേകണമേ.

മർത്യനു നേർവഴി കാട്ടിടുവാൻ
അത്തലകറ്റി നയിച്ചിടുവാൻ
കൂരിരുൾ നീക്കിയുദിച്ചവനേ,
ദിവ്യാനുഗ്രഹമേകണമേ.

പുതിയൊരു കല്പന നല്കിടുവാൻ
പുതിയൊരു ജീവനുണർത്തിടുവാൻ
ധരണിയിൽ വന്നു പിറന്നവനേ
ദിവ്യാനുഗ്രഹമേകണമേ.

ദിവ്യശരീരം ഭോജനമായ്
മാനവനേകിയ ദൈവസുതാ
കരുണാനിധിയാം കർത്താവേ
ദിവ്യാനുഗ്രഹമേകണമേ.

വിനയത്തിൻ തിരുദർപ്പണമേ,
ശാന്തിഗുണത്തിൻ പാർപ്പിടമേ,
ദുഃഖിതനൂഴിയിലാശ്രയമേ,
ദിവ്യാനുഗ്രഹമേകണമേ.

ലോകത്തിൻ പാപങ്ങൾ താങ്ങും
ദൈവത്തിൻ മേഷമേ, നാഥാ,
പാപം പൊറുക്കേണമേ.

ലോകത്തിൻ പാപങ്ങൾ താങ്ങും
ദൈവത്തിൻ മേഷമേ, നാഥാ,
പ്രാർത്ഥന കേൾക്കേണമേ.

ലോകത്തിൻ പാപങ്ങൾ താങ്ങും
ദൈവത്തിൻ മേഷമേ, നാഥാ,
ഞങ്ങളിൽ കനിയേണമേ.

കുടുംബ പ്രതിഷ്ഠ

ഈശോയുടെ തിരുഹൃദയമേ, ഈ കുടുംബത്തെയും, ഞങ്ങളെ ഓരോരുത്തരേയും ഞങ്ങള്‍ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തില്‍ അങ്ങ് രാജാവായി വാഴേണമേ. ഞങ്ങളുടെ പ്രവര്‍ത്തികളെല്ലാം അങ്ങുതന്നെ നിയന്ത്രിക്കേണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീര്‍വദിക്കയും, ഞങ്ങളുടെ സന്തോഷങ്ങള്‍ വിശുദ്ധീകരിക്കയും, സങ്കടങ്ങളില്‍ ആശ്വാസം നല്കുകയും ചെയ്യേണമേ. ഞങ്ങളില്‍ ആരെങ്കിലും അങ്ങയെ ഉപദ്രവിക്കാന്‍ ഇടയായാല്‍, ഞങ്ങളോടു ക്ഷമിക്കേണമേ. ഈ കുടുംബത്തിലുള്ളവരെയും, ഇവിടെ നിന്ന് അകന്നിരിക്കുന്നവരെയും, സമൃദ്ധമായി അനുഗ്രഹിക്കേണമേ. ഞങ്ങളുടെ മരിച്ചുപോയ കുടുംബാംഗങ്ങളെ നിത്യഭാഗ്യത്തിലേക്ക് പ്രവേശിപ്പിക്കേണമേ. ആല്മീയവും ശാരീരികവുമായ എല്ലാ വിപത്തുകളിലും നിന്ന്, ഞങ്ങളെ കാത്തുകൊള്ളേണമേ. സ്വര്‍ഗത്തില്‍ അങ്ങയെ കണ്ടാനന്ദിക്കുവാൻ ഞങ്ങല്‍ക്കെല്ലാവര്‍ക്കും അനുഗ്രഹം നല്‍കണമേ. മറിയത്തിന്റെ വിമല ഹൃദയവും, മാര്‍ യൗസേപ്പ് പിതാവും, ഞങ്ങളുടെ പ്രതിഷ്ഠയെ അങ്ങേക്ക് സമര്‍പ്പിക്കുകയും ജീവിതകാലം മുഴുവനും ഇതിന്‍റെ സജീവസ്മരണ ഞങ്ങളില്‍ നിലനിര്‍ത്തുകയും ചെയ്യട്ടെ.

ഈശോയുടെ തിരുഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ
മറിയത്തിന്റെ വിമല ഹൃദയമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ
വി. യൗസേപ്പ് പിതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ
വി. മാര്‍ഗരീത്തമറിയമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ.
ഞങ്ങളുടെ സഭയിലെ വിശുദ്ധരേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ.

കാർമ്മി: (കുടുംബാംഗങ്ങളുടെ നേരെ തിരിഞ്ഞ്‌)
നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സംസർഗ്ഗവും നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും ആമ്മേൻ.

Share This

The Knanayology Foundation (Knanaya Global Foundation NFP), a non-profit organization registered in IL, USA, hosts Knanayology and undertakes other projects on Knanaya Community .