വിവാഹപ്പന്തലിലെ ഗാനങ്ങൾ
AUDIOS (Please click the line for a collection of Knanaya Related Audios, including Wedding Songs)
ഉള്ളടക്കം
- മാർത്തോമ്മാൻ
- വാഴൂപ്പാട്ട്
- വാഴു വട്ടക്കളി
- പൊന്നണിന്തീടും
- ഒത്തുതിരിച്ചവർ
- മുന്നം മലങ്കര
- ഇന്നു നീ ഞങ്ങളെ
1. മാർത്തോമ്മാൻ
മാർത്തോമ്മാൻ നന്മയാലൊന്നു തുടങ്ങുന്നു
നന്നായ് വരേണമേയിന്ന്
ഉത്തമനായ മിശിഹാ തിരുവുള്ളം
ഉണ്മൈയെഴുന്നൾക വേണം
കന്തീശാനായനെഴുന്നള്ളി വന്നിട്ട്
കർപ്പൂരപ്പന്തലകമേ
കൈകൂപ്പി നേർന്നു ഞാൻ പെറ്റുവളർത്തൊരു
കന്നിമകളെ ഞാൻ നിന്നെ
തോളും തുടയും മുഖവും മണിമാറും
യോഗത്താലെ പരിശുണ്ട്
എന്റെ മകളെ പരമേറ്റി വെച്ചാറെ
എന്മനസ്സോ തെളിയുന്നു
ചെമ്പകപ്പൂവിൻ നിറം ചൊല്ലാം പെണ്ണിന്
ചെമ്മേയരുൾപെറ്റ പെണ്ണ്
പെണ്ണിനെ കണ്ടവരെല്ലാരും ചൊല്ലുന്നു
ഉലകിലിവൾക്കൊത്തോരില്ല
നല്ലൊരുനേരം മണർക്കോലം പുക്കാറെ
നന്നായ്ക വേണമിതെന്ന്
കാരണമായവരെല്ലാരും കൂടീട്ട്
നന്മാരുത്തിത്തരേണം
ആലാഹാനായനും അൻപൻ മിശിഹായും
കൂടെ തുണയ്ക്ക ഇവർക്ക്.
2. വാഴൂപ്പാട്ട്
വാഴ്വെന്ന വാഴു നിനക്കാകെ തന്നേൻ
നീയും നിൻ ഭർത്താവും മക്കളും കൂടെ
കാലം പെരുതായ് വാണിട്ടിരിക്കണം
വഴ്വാന ഭൂമീം ഫലമാകെത്തന്നേൻ.
പങ്കിട്ടു നിൻ മക്കൾ കൊള്ളുകയെന്നേകി
വീഴാതെ ശെൽവവും വിരിവുമതെല്ലാം
വിരിവാന വാഴ്വതെല്ലാം നിനക്ക്
വിത്താലിരട്ടിപ്പതെല്ലാം നിനക്ക്
അടിയാർക്കടിമ കൊടുപ്പതും താനേ
അരുളാൽ പെരുമ കൊടുപ്പതും താനേ
തിരുവുള്ളമാന വഴിയെ നടപ്പാൻ
മുടിചൂടുമാറു പെരുമ കൊടുത്ത്.
ധനപതിയെന്ന ശ്രീയെക്കൊടുത്ത്
താനൊരു നന്ദിയുണർച്ചയും വെച്ച്
കാരണോർ താൻ പെറ്റ വാഴുവതെല്ലാം
പെരിയോനരുളാലെ നിങ്ങൾക്കായെന്ന്
ശ്രീയേക നാഥനാം തമ്പുരാനെ
അനുഗ്രഹം നൽകണമിവർക്കെന്നേയ്ക്കും.
3. വാഴു വട്ടക്കളി
ആലാഹാനായൻ തുണയാലെ ചൊല്ലുന്നു
അൻപൊടു നല്ല വിശേഷങ്ങൾ ചൊല്ലുവാൻ
ആദരാൽ നാവിൽ വിളങ്ങിത്തെളിയണം
ആകെപ്പറവാൻ പണിയെന്നതാകിലൊ
വീഴ്ച പലതുണ്ടിതിനെന്നതാകിലും
വീഴ്ച പൊറുക്കണം കൂടിയ ലോകരും
കോമളമായൊരു പന്തലകംപുക്ക്
ഘോഷിച്ചു നല്ല മണർക്കോലം പൂക്കാറെ
ഓമനയുള്ള മകനേക്കണ്ടമ്മയും
ഉണ്മയിലൊന്നു കൊടുക്കണമെന്നോർത്ത്
പൊന്നും തളികയിൽ പാലും പഴവുമായ്
വെള്ളി വിളങ്ങുന്ന കിണ്ടിയിൽ വെള്ളവും
കൊണ്ടു ചെന്നങ്ങു കൊടുത്ത മധുരങ്ങൾ
ഇഛിച്ചു തന്ന മധുരങ്ങൾ ചൊല്ലുവാൻ
ഇഛയിലൊന്നും ശരിപറവാനില്ല
ഈശൊമിശിഹാ തുണയാകുന്നെപ്പോഴും.
4. പൊന്നണിന്തീടും (സമയമുണ്ടെങ്കിൽ)
പൊന്നണിന്തീടും തണ്ടുകരേറി
മംഗല്യവേല കാണ്മാൻ
വളർകൊടി മുമ്പിൽ മുത്തണിന്തോനെ
വാട്ടവും വീശി മെയ്യെ
പിന്നണി മുന്നിലകമ്പടി നായൻ
നിൻ വിളയാട്ടവും പാട്ടും
(ലയം മാറ്റം)
മുത്തു ചിന്നത്തോടു ചിത്രം നിർത്തീതെ
മുന്ത്രിങ്ങാ മാണിക്യം പളുങ്ക് നിരത്തീതെ
പച്ച വൈഡൂര്യം പവിഴം നിരത്തീതെ
(ലയം മാറ്റം)
സ്ലീവായിലെയിടയോൻ മണിയിടയോർ നിരത്തിതെ
ചിത്തിരിക്കാകളും പൊന്നുംപൂവോ നിരത്തിതെ
കോവൽ പഴുക്കാനിറം ചൊല്ലുമിവൾ മേനി
വാ കണ്ടാൽ നല്ല തത്ത ചുണ്ടു നിറം തോന്നും.
നീറ്റിൽ കുളിച്ചെടുത്ത മുത്തിനൊളിവാലെ
നീലത്തടം കണ്ടവനെ എന്നെ മറന്തോനെ
ആലിൻ തളിരുപോലെ എന്നെ മറന്തോനെ
നാളേറെ ചെല്ലുന്തോറും നന്നായ് വരുന്തോനെ.
കൊഞ്ചൽകളി കന്നിമാർ കനകമണിമാർകളും
ഏറെ നല്ല പങ്കു തരാം പട്ടു തരാം വന്തിരി
കുങ്കുമത്തിൽ മണവാളൻ തൻവരവും കാണ്മാൻ
ഏറിയൊരു മേനിമേൽ കേറിയോ നില്പവനെ.
കുങ്കുമത്തിൽ മണവാട്ടി തൻ വരവും കാണ്മാൻ
ഏറിയൊരു മേനിമേൽ കേറിയോ നില്പവളെ.
(സൽക്കാരാവസത്തിൽ ആലപിക്കാവുന്ന ഗാനങ്ങൾ)
5. ഒത്തുതിരിച്ചവർ
ഒത്തു തിരിച്ചവർ കപ്പൽകേറി
മലനാടു നോക്കി പുറപ്പെട്ടാറെ
കൊടുങ്ങല്ലൂരങ്ങീതെ വന്നിറങ്ങി
കൊച്ചീലഴിമുഖം കണ്ടവാറെ
ഈരെഴു നാലു വെടിയും വച്ചു
വെടിവച്ചു ഗോപുരം കേറുന്നപ്പോൾ
ശിപ്പായിമാരവർ വിളികൊള്ളുന്നു
സന്ധുക്കളൊക്കെ തളരുന്നയ്യോ.
പള്ളിത്തണ്ടിന്മേൽ കൊടിയും കുത്തി
തണ്ടിനുമീതെയരാജ വർമ്മൻ
ചെമ്പകശ്ശേരിയും കൂടെയുണ്ട്
വെട്ടത്തു മന്നനും കൂടെയുണ്ട്
ഉറഹാ മാർ യൗസേപ്പെഴുന്നള്ളുന്നു
കത്തങ്ങൾ നാലരരികെയുണ്ട്
ശെമ്മാശന്മാരവർ പലരുമുണ്ട്
ശിപ്പായിമാരവർ അരികെയുണ്ട്
തൊമ്മൻ കീനാനവൻ കൂടെയുണ്ട്
വന്നു കടിലാസ് വാങ്ങിക്കൊണ്ട്
കാലത്തു നിങ്ങളവിടെച്ചെന്ന്
കൈക്കു പിടിച്ചു കരയിറക്കി
കനകം പൊതിഞ്ഞൊരു പള്ളിത്തണ്ട്
തണ്ടുകരേറിയിരുന്നുകൊണ്ട്
ഘോഷത്തോടെ ചെന്നു കോട്ടപുക്ക്
കോട്ടയിൽ മന്നൻ പെരുമാൾതാനും.
6. മുന്നം മലങ്കര
മുന്നം മലങ്കര കുടിയേറും അതിനാലെ
തൊമ്മൻ കീനാനെന്ന ദേഹം മുതൃന്നവാറെ-മെയ്യെ
രാജമക്കളെണ്ണൊപതും കൂടി പുകിന്ത്
കുടിയാരുത്തമരാകുമിവർ നാലു നൂറും
കാസോലിക്കയരുളാലെ കപ്പൽ പുകിന്ത് – മെയ്യെ
വന്ന പരദേശി കൊടുങ്ങല്ലൂർ പുകിന്ത്
പുകിന്താർ ചേരകോനെ കണ്ടു പരിശധികമായ്
പൊന്നും പവിഴം മുത്തും വച്ചു രാജ്യം കൊണ്ടാറെ
വന്നു പൊഴുതു തീർന്നു മുതൃന്നു കാര്യം കൊണ്ടാറെ – മെയ്യെ
ചൂലി പാരിൽ പെരുമകൾ തെളിഞ്ഞിരിപ്പാൻ.
കൊടുത്താർ പദവികൾ പഞ്ചമേളം പതിനെട്ടും
കൊമ്പും കൊഴലാലവട്ടം ശങ്കും വിധാനം-മെയ്യെ
പൊന്മുടിയും മറ്റും നല്ല ചമയമെല്ലാം.
കൊടുത്താർ പദവികൾ പാവാട പകൽവിളക്കും
രാജവാദ്ദീയങ്ങളേഴും കുരവ മൂന്നും-മെയ്യ
കൊട്ടും കുരവയും നല്ലലങ്കാരമെല്ലാം.
ഇഷ്ടത്തോടെ കൊടുത്തിട്ടങ്ങരചനും
എന്നിവയെല്ലാം വാങ്ങിക്കൊണ്ടാൻ തൊമ്മൻ കീനാനും-മെയ്യെ
ചേർച്ചയാൽ കുറിച്ചെടുത്ത ചെപ്പേടും വാങ്ങി
അരചർക്കരചൻ കൊടുത്തൊരു പദവികൾ
ആദിത്യനും ചന്ദ്രനുമങ്ങുള്ള നാളൊക്കെ-മെയ്യ
ആദിത്യനും ചന്ദ്രനുമങ്ങുള്ള നാളൊക്കെ.
7. ഇന്നു നീ ഞങ്ങളെ
ഇന്നു നീ ഞങ്ങളെ കൈവിട്ടോ മാറാനേ
ഇന്നു ഞങ്ങൾക്കൊരു പിന്തുണയില്ലല്ലോ
പട്ടണമൊന്നില്ല ഭാഷകളൊന്നില്ല
ഭഗികൾ ഞങ്ങടെ ഭൂഷണം കൊണ്ടിട്ട്
കല്പന ഞങ്ങളിരിപ്പിടത്താക്കണം
എന്നുള്ളപേക്ഷയെ കേട്ടൊരു മാറാനും
നന്ദികലർന്നുടയോനൊന്നങ്ങരുൾ ചെയ്തു.
കാലോചിതംപോലെ നല്ലയാബൂന്മാരെ
കാലമീരാറീന്നു മുമ്പേ ഞാനെത്തിപ്പേൻ
ഏഴില്ലമെഴുപത്തിരണ്ടു കുടിയാരും
ഒത്തൊരുമിച്ചങ്ങു പോകണം നിങ്ങളും
വെണ്മയിൽ പോയാലും മക്കളെ നിങ്ങള്
ചട്ടയും മുട്ടാക്കും കൊന്ത തലമുണ്ട്
ചങ്ങൾ കൈവള ചന്തമാം തലുവവും
ചന്തമായുള്ളൊരു കോപ്പുകൾ കൂട്ടീട്ട്
കൂട്ടം കുടപിടിച്ചൊട്ടേടം ചെന്നപ്പോൾ
കപ്പലെ കേറുവാൻ കടപ്പുറം പുക്കാറെ
ഉറ്റവരുടയവർ ബന്ധുക്കളെല്ലാരും
തങ്ങളിത്തങ്ങളിലമ്പോടെ തഴുകുന്നു.
മാർവ്വത്തു കണ്ണുനീർ മാർവ്വം നനയുന്നു.
തമ്പുരനല്ലാതെ ഇല്ലൊരു സാക്ഷിയും
മക്കളെ കാണുമോ ഹിന്ദുവിൽ പോയാലും
ബന്ധങ്ങൾ വേർവിടാതോർക്കണമെപ്പോഴും
പത്തുമൊരേഴുമങ്ങെപ്പോഴും ചിന്തിപ്പിൻ
പാടുമറിയാതിരിക്കണം നിങ്ങളും
തമ്പുരാൻ തന്റെ മനോഗുണം കൊണ്ടിട്ട്
കപ്പലൊരുമൂന്നു മൊന്നായിട്ടോടുന്നു.
(ലയം മാറ്റം)
മണവറയിൽ മരുവീടും മങ്കതന്റെ കല്യാണം
കല്ല്യാണപന്തലിതു കാതലുള്ള പന്തലിത്.

The Knanayology Foundation (Knanaya Global Foundation NFP), a non-profit organization registered in IL, USA, hosts Knanayology and undertakes other projects on Knanaya Community .