മൈലാഞ്ചി പാട്ടുകൾ
AUDIOS (Please click the line for a collection of Knanaya Related Audios, including Wedding Songs)
ഉള്ളടക്കം
- മാർത്തോമ്മാൻ
- മയിലാഞ്ചിപ്പാട്ട്
- മുന്നം മലങ്കര
- ഇന്നു നീ ഞങ്ങളെ
1. മാർത്തോമ്മാൻ
മാർത്തോമ്മാൻ നന്മയാലൊന്നു തുടങ്ങുന്നു
നന്നായ് വരേണമേയിന്ന്
ഉത്തമനായ മിശിഹാ തിരുവുള്ളം
ഉണ്മൈയെഴുന്നൾക വേണം
കന്തീശാനായനെഴുന്നള്ളി വന്നിട്ട്
കർപ്പൂരപ്പന്തലകമേ
കൈകൂപ്പി നേർന്നു ഞാൻ പെറ്റുവളർത്തൊരു
കന്നിമകളെ ഞാൻ നിന്നെ
തോളും തുടയും മുഖവും മണിമാറും
യോഗത്താലെ പരിശുണ്ട്
എന്റെ മകളെ പരമേറ്റി വെച്ചാറെ
എന്മനസ്സോ തെളിയുന്നു
ചെമ്പകപ്പൂവിൻ നിറം ചൊല്ലാം പെണ്ണിന്
ചെമ്മേയരുൾപെറ്റ പെണ്ണ്
പെണ്ണിനെ കണ്ടവരെല്ലാരും ചൊല്ലുന്നു
ഉലകിലിവൾക്കൊത്തോരില്ല
നല്ലൊരുനേരം മണർക്കോലം പുക്കാറെ
നന്നായ്ക വേണമിതെന്ന്
കാരണമായവരെല്ലാരും കൂടീട്ട്
നന്മാരുത്തിത്തരേണം
ആലാഹാനായനും അൻപൻ മിശിഹായും
കൂടെ തുണയ്ക്ക ഇവർക്ക്.
2. മയിലാഞ്ചിപ്പാട്ട്
മാറാനരുൾ ചെയ്തീലോകേയന്നു നിറവേറി
ഏറിനൽഗുണങ്ങളെല്ലാം ഭൂമിമേലൊരേടം
ഒരുമയുടയോൻ പെരുമകൊണ്ടു കരുതി മൺപിടിച്ച്
പിടിച്ച കരുവിലടക്കം നേടി പുറത്തു തുകൽ പൊതിഞ്ഞ്
തുകലകമേ ചോരനീരും എല്ലും മാംസധാതുക്കൾ
ഭൂതികൾക്കു വാതിലഞ്ചും നവദ്വാരങ്ങളായതും
രണ്ടൊടു നാലും നാലുവിരൽക്കും ചുവപ്പുനങ്ങൾ പത്ത്
പത്തുടയോന്റെയകത്തുടയോനായ് കൊടുത്തുണർത്ത്യോരാത്മാവ്
ആത്മാവും കൊടുത്തു പേരുമിട്ടോരാദമെന്ന്
എന്നശേഷമിന്നിച്ചൊല്ലാമുന്നിനിങ്ങൾ കേൾപ്പിൻ
(മൂന്നാം പാദം)
ആലം ചമഞ്ഞതിലഴകിയ പറുദീസായിൽ
താലം പരന്ന പോലിതുമലമുകളിലേറ്റം
ചേലും വെളിവൊണ്ട പല പല മരങ്ങളെല്ലാം
കാലം തുടക്കമായ് നിറഞ്ഞുള്ള കനികളുണ്ട്
അല്ലീലരാമ്പൽ ചെങ്ങഴ്നീർ ചെറുചെന്താമര
ഫുല്ലം മലർമുല്ലക്കുറുമുല്ലക്കുറുമൊഴിയെ
പക്ഷി പലതുണ്ട് കുയിൽ മയിൽ മൊഴികളുണ്ട്
കൊക്കും കുരികിലും പഞ്ചവർണ്ണക്കിളികളുണ്ട്.
വ്യാഘ്രം മദയാന നരസിംഹം ഇവകളെല്ലാം
ഒക്കെയുടെ നാഥൻ കൊടുത്തതും തനിക്കഴകാൽ
വച്ച പറുദീസാ തന്നിലവൻ സ്തുതിച്ചിരിപ്പാൻ
ഇച്ഛക്കനികായും പറിച്ചുതിന്നിരിക്കന്നേകി
ഇച്ഛാനിറം കൊണ്ടിക്കനി കണ്ടു മലർ പുകിന്ത്
സത്യം പിഴച്ചുച്ചയ്ക്കടിവാരം പുകന്തീടവേ.
(നാലാം പാദം)
ആദത്തെ നായൻ മലയൊക്കെ നോക്കിനാർ
ഹവ്വാ മനയാളും കൂടെ മലമീതെ
മരതകമുത്തു വിളങ്ങും മലയിതിൽ
മയിലാടും പോലെ വിളങ്ങുന്ന ഭാര്യയെ
അഞ്ചും മൈലെപ്പോലെയഞ്ചണം മൈലേ നീ
മയിലാഞ്ചിയില്ലാത്ത കാരണം തോഴിമാർ
ആ മരമൂട്ടിലൊളിച്ചവരിരുവരും
അപ്പഴെ നായനെഴുന്നള്ളി വന്നിട്ട്
പച്ചിലകൊണ്ടു പൊതിഞ്ഞവർ തങ്ങളെ
വിസ്താരവീടും ചവുട്ടിക്കടന്നിട്ട്
പണ്ട് പറഞ്ഞൊത്തോരാദത്തും ഭാര്യയാം
ഹവ്വാ മനയാളെ നായൻ കൊടുത്ത പോൽ
അന്നന്നു കന്നിമാർ മംഗല്യം വാഴുവാൻ
പച്ചിലമയിലാഞ്ചി കൊണ്ടു പൊതിയേണം
കയ്യാലെ കായും പറിച്ചിരു കാരണം
കൈപ്പുടം തന്നിൽ പൊതിയുന്നു മയിലാഞ്ചി
കാലാൽ നടന്നു കനിതിന്ന കാരണം
കാൽനഖം തന്നിൽ പൊതിയുന്നു മയിലാഞ്ചി
അസ്ഥിമേൽ മണ്ണു പൊതിഞ്ഞൊരു കാരണം
കൈപ്പുടം തന്നിൽ പൊതിയുന്നു മയിലാഞ്ചി
അന്നവർ നാണിച്ചൊളിച്ചൊരു കാരണം
ഇന്നിങ്ങു പിള്ളേരൊളിച്ചു നടപ്പതും
മയിലാഞ്ചി നൂലാലെ പിഴവന്ന കാരണം
മയിലാഞ്ചിയിട്ടല്ലൊ നൂൽ കൂട്ടുമാറൊള്ളു
നീതികൊടുത്തപോലിന്നിങ്ങു പിള്ളേർക്ക്
എന്നേയ്ക്കും നീതി കൊടുക്കണം നായക.
(അഞ്ചാം പാദം)
പിഴവഴിക്കു നിറമൊഴിഞ്ഞു തന്റെ നിറമകന്നപോലെ
മയിലാഞ്ചി തടവിയോർക്കു നിറപിഴച്ചതടയാളം
പച്ചമേനിമയിലാഞ്ചി ഇട്ടു കൈകൾ ചുവപ്പവർക്ക്
കുരുന്നു പിള്ളേർ വരുന്നയാണ്ടിലതിമുതൃന്നീ വഴക്കമെല്ലാം
വാഴുടയ മയിലാഞ്ചി പൊരുളുടയ മയിലാഞ്ചി
ഗുണമുടയ മയിലാഞ്ചി കീർത്തിപെട്ട മയിലാഞ്ചി
ഇന്നു ഞങ്ങടെ മയിലാഞ്ചിക്കരുൾ തരിക നായകനെ
അമ്മയും തൻ തോഴിമാരും കന്നി തന്റെ തോഴിമാരും
ഉറ്റ നല്ല ബന്ധുക്കളും മറ്റുടയോരെല്ലാരും
അൻപിനോടെ പൂശിയോർക്കു ഗുണമുടയ മയിലാഞ്ചി
പുതിയ മങ്കക്കുരുന്നുകൾക്കു വിരലിടയിൽ മയിലാഞ്ചി
മയിലാഞ്ചി വരവു കാണ്മാൻ വരുവിനഹോ തോഴിമാരേ!
കനകപഞ്ചരം മുരുൾപഞ്ചരം കാണ്മിനെടോ തോഴിമാരേ!
മുരശുമദ്ദളം തകിലുവാദ്യവും കേൾപ്പിനെടോ തോഴിമാരേ!
മരതകത്തൊടു കുരവയിത്തരം കേൾപ്പിനെടൊ തോഴിമാരേ!
ആദമങ്ങു മയങ്ങിവീണു ഭാര്യ തന്റെ കൈപിടിച്ചു
മയിലാഞ്ചി മണംകേട്ടു മയങ്ങിവീണു മണവാളൻ
മയിലാഞ്ചി മണംകേട്ടു മയങ്ങിവീണു മണവാട്ടി
കുരുന്നു പിള്ളേർക്കരുൾ തരിക ഈശോനായൻ തമ്പുരാനേ.
(സമയമനുസരിച്ച് “ഇന്നു നീ ഞങ്ങളെ”യും “മുന്നം മലങ്കര”യും പാടാം)
3. മുന്നം മലങ്കര
മുന്നം മലങ്കര കുടിയേറും അതിനാലെ
തൊമ്മൻ കീനാനെന്ന ദേഹം മുതൃന്നവാറെ-മെയ്യെ
രാജമക്കളെണ്ണൊപതും കൂടി പുകിന്ത്
കുടിയാരുത്തമരാകുമിവർ നാലു നൂറും
കാസോലിക്കയരുളാലെ കപ്പൽ പുകിന്ത് – മെയ്യെ
വന്ന പരദേശി കൊടുങ്ങല്ലൂർ പുകിന്ത്
പുകിന്താർ ചേരകോനെ കണ്ടു പരിശധികമായ്
പൊന്നും പവിഴം മുത്തും വച്ചു രാജ്യം കൊണ്ടാറെ
വന്നു പൊഴുതു തീർന്നു മുതൃന്നു കാര്യം കൊണ്ടാറെ – മെയ്യെ
ചൂലി പാരിൽ പെരുമകൾ തെളിഞ്ഞിരിപ്പാൻ.
കൊടുത്താർ പദവികൾ പഞ്ചമേളം പതിനെട്ടും
കൊമ്പും കൊഴലാലവട്ടം ശങ്കും വിധാനം-മെയ്യെ
പൊന്മുടിയും മറ്റും നല്ല ചമയമെല്ലാം.
കൊടുത്താർ പദവികൾ പാവാട പകൽവിളക്കും
രാജവാദ്ദീയങ്ങളേഴും കുരവ മൂന്നും-മെയ്യ
കൊട്ടും കുരവയും നല്ലലങ്കാരമെല്ലാം.
ഇഷ്ടത്തോടെ കൊടുത്തിട്ടങ്ങരചനും
എന്നിവയെല്ലാം വാങ്ങിക്കൊണ്ടാൻ തൊമ്മൻ കീനാനും-മെയ്യെ
ചേർച്ചയാൽ കുറിച്ചെടുത്ത ചെപ്പേടും വാങ്ങി
അരചർക്കരചൻ കൊടുത്തൊരു പദവികൾ
ആദിത്യനും ചന്ദ്രനുമങ്ങുള്ള നാളൊക്കെ-മെയ്യ
ആദിത്യനും ചന്ദ്രനുമങ്ങുള്ള നാളൊക്കെ.
4. ഇന്നു നീ ഞങ്ങളെ
ഇന്നു നീ ഞങ്ങളെ കൈവിട്ടോ മാറാനേ
ഇന്നു ഞങ്ങൾക്കൊരു പിന്തുണയില്ലല്ലോ
പട്ടണമൊന്നില്ല ഭാഷകളൊന്നില്ല
ഭഗികൾ ഞങ്ങടെ ഭൂഷണം കൊണ്ടിട്ട്
കല്പന ഞങ്ങളിരിപ്പിടത്താക്കണം
എന്നുള്ളപേക്ഷയെ കേട്ടൊരു മാറാനും
നന്ദികലർന്നുടയോനൊന്നങ്ങരുൾ ചെയ്തു.
കാലോചിതംപോലെ നല്ലയാബൂന്മാരെ
കാലമീരാറീന്നു മുമ്പേ ഞാനെത്തിപ്പേൻ
ഏഴില്ലമെഴുപത്തിരണ്ടു കുടിയാരും
ഒത്തൊരുമിച്ചങ്ങു പോകണം നിങ്ങളും
വെണ്മയിൽ പോയാലും മക്കളെ നിങ്ങള്
ചട്ടയും മുട്ടാക്കും കൊന്ത തലമുണ്ട്
ചങ്ങൾ കൈവള ചന്തമാം തലുവവും
ചന്തമായുള്ളൊരു കോപ്പുകൾ കൂട്ടീട്ട്
കൂട്ടം കുടപിടിച്ചൊട്ടേടം ചെന്നപ്പോൾ
കപ്പലെ കേറുവാൻ കടപ്പുറം പുക്കാറെ
ഉറ്റവരുടയവർ ബന്ധുക്കളെല്ലാരും
തങ്ങളിത്തങ്ങളിലമ്പോടെ തഴുകുന്നു.
മാർവ്വത്തു കണ്ണുനീർ മാർവ്വം നനയുന്നു.
തമ്പുരനല്ലാതെ ഇല്ലൊരു സാക്ഷിയും
മക്കളെ കാണുമോ ഹിന്ദുവിൽ പോയാലും
ബന്ധങ്ങൾ വേർവിടാതോർക്കണമെപ്പോഴും
പത്തുമൊരേഴുമങ്ങെപ്പോഴും ചിന്തിപ്പിൻ
പാടുമറിയാതിരിക്കണം നിങ്ങളും
തമ്പുരാൻ തന്റെ മനോഗുണം കൊണ്ടിട്ട്
കപ്പലൊരുമൂന്നു മൊന്നായിട്ടോടുന്നു.
(ലയം മാറ്റം)
മണവറയിൽ മരുവീടും മങ്കതന്റെ കല്യാണം
കല്ല്യാണപന്തലിതു കാതലുള്ള പന്തലിത്.

The Knanaya Global Foundation NFP, a non-profit organization registered in IL, USA that also undertakes many other projects on worldwide Knanaya Community hosts Knanayology.