ചന്തം ചാർത്തു പാട്ടുകൾ


AUDIOS (Please click the line for a collection of Knanaya Related Audios, including Wedding Songs)


ഉള്ളടക്കം

  1. മാർത്തോമ്മാൻ
  2. അന്തംചാർത്തു പാട്ട്
  3. ഒത്തുതിരിച്ചവർ
  4. മുന്നം മലങ്കര
  5. ഇന്നു നീ ഞങ്ങളെ

1. മാർത്തോമ്മാൻ

മാർത്തോമ്മാൻ നന്മയാലൊന്നു തുടങ്ങുന്നു
നന്നായ് വരേണമേയിന്ന്
ഉത്തമനായ മിശിഹാ തിരുവുള്ളം
ഉണ്മൈയെഴുന്നൾക വേണം

കന്തീശാനായനെഴുന്നള്ളി വന്നിട്ട്
കർപ്പൂരപ്പന്തലകമേ
കാരണമായവരെല്ലാരും കൂടീട്ട്
നന്മാരുത്തിത്തരേണം

ആലാഹാനായനും അൻപൻ മിശിഹായും
കൂടെ തുണയ്ക്ക ഇവർക്ക്.

2. അന്തംചാർത്തു പാട്ട്

മാറാനീശോ പദവിയിലെ മണർക്കോലപ്പുതുമ കാണ്മാൻ
കൂറാന ബന്ധുക്കളും ഗുണമുടയ അറിവുള്ളോരും
അപ്പനൊടു അമ്മാവന്മാരയലാരും ബന്ധുക്കളും

തേറാന ധനത്തെയൊത്തു വേഗമോടെ തൻ പിതാക്കൾ
മാറാനെ മുൻ‌നിർത്തി മാർഗ്ഗമാന നാൾ കുറിച്ചു.

നാൾ കുറിച്ച ദിവസമതിൽ മുഴുക്കെപ്പൂശി ഭംഗിയോടെ
നിറത്തൊടൊത്തങ്ങിരിക്കും നേരം പാടിക്കളിക്കും ബാലകർക്ക്
കോൽ‌വിളക്കും, പാവാടയും അന്തം ചാർത്തി നീരുമാടി
നിന്നവർ കുരവയിട്ടു നെല്ലുമിട്ടു നിറവു നിന്നു.

3. ഒത്തുതിരിച്ചവർ

ഒത്തു തിരിച്ചവർ കപ്പൽകേറി
മലനാടു നോക്കി പുറപ്പെട്ടാറെ
കൊടുങ്ങല്ലൂരങ്ങീതെ വന്നിറങ്ങി
കൊച്ചീലഴിമുഖം കണ്ടവാറെ

ഈരെഴു നാലു വെടിയും വച്ചു
വെടിവച്ചു ഗോപുരം കേറുന്നപ്പോൾ
ശിപ്പായിമാരവർ വിളികൊള്ളുന്നു
സന്ധുക്കളൊക്കെ തളരുന്നയ്യോ.

പള്ളിത്തണ്ടിന്മേൽ കൊടിയും കുത്തി
തണ്ടിനുമീതെയരാജ വർമ്മൻ
ചെമ്പകശ്ശേരിയും കൂടെയുണ്ട്
വെട്ടത്തു മന്നനും കൂടെയുണ്ട്

ഉറഹാ മാർ യൗസേപ്പെഴുന്നള്ളുന്നു
കത്തങ്ങൾ നാലരരികെയുണ്ട്
ശെമ്മാശന്മാരവർ പലരുമുണ്ട്
ശിപ്പായിമാരവർ അരികെയുണ്ട്

തൊമ്മൻ കീനാനവൻ കൂടെയുണ്ട്
വന്നു കടിലാസ് വാങ്ങിക്കൊണ്ട്
കാലത്തു നിങ്ങളവിടെച്ചെന്ന്
കൈക്കു പിടിച്ചു കരയിറക്കി

കനകം പൊതിഞ്ഞൊരു പള്ളിത്തണ്ട്
തണ്ടുകരേറിയിരുന്നുകൊണ്ട്
ഘോഷത്തോടെ ചെന്നു കോട്ടപുക്ക്
കോട്ടയിൽ മന്നൻ പെരുമാൾതാനും.

(സമയമനുസരിച്ച്  “മുന്നം മലങ്കര”യും “ഇന്നു നീ ഞങ്ങളെ”യുംപാടാം)

4. മുന്നം മലങ്കര

മുന്നം മലങ്കര കുടിയേറും അതിനാലെ
തൊമ്മൻ കീനാനെന്ന ദേഹം മുതൃന്നവാറെ-മെയ്യെ
രാജമക്കളെണ്ണൊപതും കൂടി പുകിന്ത്

കുടിയാരുത്തമരാകുമിവർ നാലു നൂറും
കാസോലിക്കയരുളാലെ കപ്പൽ പുകിന്ത് – മെയ്യെ
വന്ന പരദേശി കൊടുങ്ങല്ലൂർ പുകിന്ത്

പുകിന്താർ ചേരകോനെ കണ്ടു പരിശധികമായ്
പൊന്നും പവിഴം മുത്തും വച്ചു രാജ്യം കൊണ്ടാറെ
വന്നു പൊഴുതു തീർന്നു മുതൃന്നു കാര്യം കൊണ്ടാറെ – മെയ്യെ
ചൂലി പാരിൽ പെരുമകൾ തെളിഞ്ഞിരിപ്പാൻ.

കൊടുത്താർ പദവികൾ പഞ്ചമേളം പതിനെട്ടും
കൊമ്പും കൊഴലാലവട്ടം ശങ്കും വിധാനം-മെയ്യെ
പൊന്മുടിയും മറ്റും നല്ല ചമയമെല്ലാം.

കൊടുത്താർ പദവികൾ പാവാട പകൽ‌വിളക്കും
രാജവാദ്ദീയങ്ങളേഴും കുരവ മൂന്നും-മെയ്യ
കൊട്ടും കുരവയും നല്ലലങ്കാരമെല്ലാം.

ഇഷ്ടത്തോടെ കൊടുത്തിട്ടങ്ങരചനും
എന്നിവയെല്ലാം വാങ്ങിക്കൊണ്ടാൻ തൊമ്മൻ കീനാനും-മെയ്യെ
ചേർച്ചയാൽ കുറിച്ചെടുത്ത ചെപ്പേടും വാങ്ങി

അരചർക്കരചൻ കൊടുത്തൊരു പദവികൾ
ആദിത്യനും ചന്ദ്രനുമങ്ങുള്ള നാളൊക്കെ-മെയ്യ
ആദിത്യനും ചന്ദ്രനുമങ്ങുള്ള നാളൊക്കെ.

5. ഇന്നു നീ ഞങ്ങളെ

ഇന്നു നീ ഞങ്ങളെ കൈവിട്ടോ മാറാനേ
ഇന്നു ഞങ്ങൾക്കൊരു പിന്തുണയില്ലല്ലോ
പട്ടണമൊന്നില്ല ഭാഷകളൊന്നില്ല
ഭഗികൾ ഞങ്ങടെ ഭൂഷണം കൊണ്ടിട്ട്

കല്പന ഞങ്ങളിരിപ്പിടത്താക്കണം
എന്നുള്ളപേക്ഷയെ കേട്ടൊരു മാറാനും
നന്ദികലർന്നുടയോനൊന്നങ്ങരുൾ ചെയ്തു.

കാലോചിതം‌പോലെ നല്ലയാബൂന്മാരെ
കാലമീരാറീന്നു മുമ്പേ ഞാനെത്തിപ്പേൻ
ഏഴില്ലമെഴുപത്തിരണ്ടു കുടിയാരും
ഒത്തൊരുമിച്ചങ്ങു പോകണം നിങ്ങളും

വെണ്മയിൽ പോയാലും മക്കളെ നിങ്ങള്
ചട്ടയും മുട്ടാക്കും കൊന്ത തലമുണ്ട്
ചങ്ങൾ കൈവള ചന്തമാം തലുവവും

ചന്തമായുള്ളൊരു കോപ്പുകൾ കൂട്ടീട്ട്
കൂട്ടം കുടപിടിച്ചൊട്ടേടം ചെന്നപ്പോൾ
കപ്പലെ കേറുവാൻ കടപ്പുറം പുക്കാറെ

ഉറ്റവരുടയവർ ബന്ധുക്കളെല്ലാരും
തങ്ങളിത്തങ്ങളിലമ്പോടെ തഴുകുന്നു.
മാർവ്വത്തു കണ്ണുനീർ മാർവ്വം നനയുന്നു.

തമ്പുരനല്ലാതെ ഇല്ലൊരു സാക്ഷിയും
മക്കളെ കാണുമോ ഹിന്ദുവിൽ പോയാലും
ബന്ധങ്ങൾ വേർവിടാതോർക്കണമെപ്പോഴും

പത്തുമൊരേഴുമങ്ങെപ്പോഴും ചിന്തിപ്പിൻ
പാടുമറിയാതിരിക്കണം നിങ്ങളും
തമ്പുരാൻ തന്റെ മനോഗുണം കൊണ്ടിട്ട്
കപ്പലൊരുമൂന്നു മൊന്നായിട്ടോടുന്നു.

(ലയം മാറ്റം)
മണവറയിൽ മരുവീടും മങ്കതന്റെ കല്യാണം
കല്ല്യാണപന്തലിതു കാതലുള്ള പന്തലിത്.

Share This

The Knanaya Global Foundation NFP, a non-profit organization registered in IL, USA that also undertakes many other projects on worldwide Knanaya Community hosts Knanayology.