MALAYALAM COMMENTARY IN THE BANQUET HALL

വിവാഹവിരുന്നുശാലയിലെ ആമുഖം: മു‌ൻകാ‍ലങ്ങളിൽ വിവാഹശേഷം പള്ളിയിൽ നിന്നു വരന്റെ ഭവനത്തിലേക്ക് തെരുവിലൂടെ വിവാഹഘോഷയാത്ര നടന്നു നീങ്ങിയിരുന്നു. നവദമ്പതികൾ ആ രാജകീയ സവാരിക്ക് ആനയോ പല്ലക്കോ ഉപയോഗിച്ചിരുന്നു. അവയ്ക്ക് വാദ്യമേളങ്ങൾ, പുരുഷന്മാരുടെ “നട വിളി”, സ്ത്രീകളുടെ ഭക്തിഗാനാലാപം, യൂണിഫോമണിഞ്ഞ സംരക്ഷണസേന എന്നിവ കൊഴുപ്പു കൂട്ടിയിരുന്നു. കൊടുങ്ങല്ലൂരിലെ ചേരമാൻ പെരുമാൾ രാജാവ് ക്നായി തൊമ്മൻ വഴി നമ്മുടെ സമുദായത്തിനു നൽകിയ മഹത്തായ പദവികളിൽ ഉൾപ്പെട്ടവയാണിവ. നമ്മുടെ നവദമ്പതികൾ ഈ സ്വീകരണ ഹാളിലേക്ക് ഇപ്പോൾ പ്രവേശിക്കുന്നതാണ്. ക്നാനായ പരമ്പരാഗത ആചാരങ്ങളാണ് ഈ സ്വീകരണ ചടങ്ങിൽ നാം ഉപയോഗിക്കുന്നത്.

നട വിളി: വിവാഹാശീർവാദം നടന്ന ദൈവാലയത്തിൽനിന്നു പുറപ്പെടുംമുമ്പ് പള്ളിയുടെ (കുരിശുംതൊട്ടിക്കു) മുന്നിലായിരുന്നു ആദ്യ നട വിളി. രണ്ടാമത്തെ നട വിളി ഇപ്പോൾ ഹാളിന്റെ കവാടത്തിലും മൂന്നാമത്തേത് ഹാളിനകത്തും നടക്കും.

തഴക്കുട (ഉണ്ടെങ്കിൽ): നിറപ്പകിട്ടാർന്നതും പരന്നതുമായ ഒരു പ്രത്യേക തരം കുട നിങ്ങൾ കാണുന്നുണ്ടല്ലോ. വിവാഹ ഘോഷയാത്രയുടെ ഭാഗമായി വധുവിന്റെ അമ്മാവൻ പള്ളിയിൽ നിന്ന് കൊണ്ടുവന്ന തഴക്കുടയാണത്. നാലാം നൂറ്റാണ്ടിൽ ക്നായി തൊമ്മനിലൂടെ നമ്മുടെ സമുദായത്തിന് ലഭിച്ച പദവികളിൽ ഒന്നായിരുന്നു അത്.

ദമ്പതികളെ എടുക്കുന്നത്: മുൻകാലങ്ങളിൽ, ദമ്പതികൾ പള്ളിയിൽ നിന്ന് വീട്ടിലേക്ക് ആഘോഷമായി വന്നിരുന്നത് ആനപ്പുറത്തോ പല്ലക്കിലോ ആയിരുന്നു. അത് ചേരമാൻ പെരുമാൾ രാജാവ് ക്നായി തൊമ്മനും അദ്ദേഹത്തിന്റെ ജനത്തിനുമായി കല്പിച്ചു നല്കിയ മറ്റൊരു പദവിയായിരുന്നു. ആ പാരമ്പര്യത്തിന്റെ പ്രസക്തി മങ്ങിയതിനാൽ, അതിനെ പ്രതിനിധാനം ചെയ്യാനും നവദമ്പതികളോട് വാത്സല്യം പ്രകടിപ്പിക്കാനും അവർ കൗമാരക്കാരല്ലെങ്കിലും, അമ്മാവന്മാർ അവരെ ഇപ്പോൾ സ്റ്റേജിനു മുന്നിലേക്ക് എടുത്തുകൊണ്ടുപോകുന്നു.

നെല്ലും നീരും: ഏഴു നെൽകതിരുകളും, ഓശാനയ്ക്കു വെഞ്ചരിച്ച കുരുത്തോലക്കഷണവും ഒരു താലത്തിൽ വെള്ളത്തിലാക്കി വരന്റെ അമ്മ ഇപ്പോൾ കൊണ്ടുവരുന്നു. പരമ്പരാഗതമായി വധുവിന്റെ അമ്മ “നെല്ലും നീരും” ഉൾക്കൊള്ളുന്ന താലവും വരന്റെ സഹോദരി കത്തിച്ച കൊളുവിളക്കും പിടിക്കുന്നു. വരന്റെ അമ്മ കുരുത്തോല വെള്ളത്തിൽ മുക്കിയിട്ട് അതുകൊണ്ട് കുരിശടയാളത്തിൽ ദമ്പതികളുടെ നെറ്റിയിൽ മൂന്ന് തവണ അമർത്തുന്നു. ദമ്പതികൾ ആരംഭിച്ച കുടുംബജീവിതത്തിൽ അവർ ഫലസസമൃദ്ധിയോടെ വാഴാനുള്ള ആശംസയാണിത്. വരന്റെ അമ്മ നവവധൂവരന്മാരെ ഭവനത്തിലേക്കു സ്വാഗതം ചെയ്യുന്ന ചടങ്ങുകൂടിയാണിത്.

കോലുവിളക്ക് “പകൽ വിളക്ക്” എന്നും അറിയപ്പെടുന്നു, ഇത് ചേരമാൻ പെരുമാൾ ക്നായി തോമ്മായ്ക്കു നല്കിയ പദവികളിൽ ഒന്നാണ്. പള്ളികളിലെ തിരുന്നാൾ ഘോഷയാത്രകൾക്കും ഇത്തരം വിളക്ക് ഉപയോഗിച്ചിരുന്നു. “ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു” എന്ന് സ്വയം വെളിപ്പെടുത്തിയ ഈശോമിശിഹായുടെ സാന്നിധ്യത്തെയാണ് വിളക്ക് പ്രതിനിധാനം ചെയ്യുന്നത്.

ദമ്പതികളെ മണർകോലത്തിൽ ഇരുത്തുമ്പോൾ: നവദമ്പതികളെ അവരുടെ അമ്മാവന്മാർ മണർക്കോലത്തിലേക്ക് അഥവാ അവർക്കുവേണ്ടി സജ്ജമാക്കിയ ഇരിപ്പിടങ്ങളിലേക്ക് ആനയിച്ച് ഇരുത്തുന്നു. ദൈവം ആദാമിനെയും ഹവ്വായെയും ഉയർന്ന പദവിയും അവകാശങ്ങളും നൽകി പറുദീസയിൽ സിംഹാസനസ്ഥരാക്കിയതിന്റെ പ്രതീകമാണിത്. വരന്റെ ഇടതുവശത്താണ് വധുവിനെ ഇരുത്തുന്നത്. പിതാവിന്റെ സംരക്ഷണയിലായിരുന്ന അവളുടെ ഉത്തരവാദിത്വം ഇനി മുതൽ ഭർത്താവിനാണെന്ന സൂചന ഇതിനുണ്ട്. ക്നാനായ പാരമ്പര്യമനുസരിച്ച്, ദമ്പതികളുടെ മണർക്കോലം അല്ലെങ്കിൽ ഇരിപ്പിടം കമ്പിളിയും അതിനുമീതെ വെള്ള വസ്ത്രവും കൊണ്ട് പൊതിഞ്ഞ സിംഹാസനങ്ങളാണ്‌. പരുക്കനായ കമ്പിളി ദാമ്പത്യ ജീവിതത്തിലെ ബുദ്ധിമുട്ടുകളെയും വെള്ളവസ്ത്രം നിർമ്മല ജീവിതത്തിലൂടെ അവയുടെമേൽ വിജയം വരിക്കുന്നതിനെയും സൂചിപ്പിക്കുന്നു.

വാഴൂ പിടിക്കൽ: വധുവിന്റെ ദമ്പതികളെ അനുഗ്രഹിക്കുന്ന കർമ്മമാണ് ഇനിനടക്കുന്ന വാഴൂ പിടിക്കൽ. “വാഴു പിടിക്കട്ടെ?” എന്ന് അമ്മ മൂന്നു പ്രാവശ്യം ചോദിച്ച് സദസ്യരുടെ അനുവാദം വാങ്ങും. തുടർന്ന് ഗായകർ വാഴൂപാട്ട് ആലപിക്കും. അപ്പോൾ അമ്മ ദമ്പതികൾക്ക് അഭിമുഖമായി ഒരു പീഠത്തിൽ ചവിട്ടിനിന്ന് കൈകൾ കുരിശാകൃതിയിൽ നീട്ടി നവദമ്പതികളെ അനുഗ്രഹിക്കും. വലതു കൈ വരന്റെ തലയിലും ഇടതു കൈ അതിനുകീഴെയായി വധുവിന്റെ തലയിലുമായാണു വയ്ക്കുക. സീറോ മലബാർ സഭയിലെ വിശുദ്ധ കുർബാന അർപ്പണത്തിൽ കാർമ്മികൻ ദിവ്യരഹസ്യങ്ങളിന്മേൽ പരിശുദ്ധാത്മാവിന്റെ ആവാസത്തിനായി പ്രാർത്ഥിക്കുന്നതുപോലെയാണിത്. പഴയനിയമകാലത്ത് പൂർവപിതാവായ യാക്കോബ് തന്റെ പ്രിയ പുത്രനായ ജോസഫിന്റെ രണ്ട് മക്കളെ അനുഗ്രഹിച്ചത് ഇപ്രകാരം ഇരുകരങ്ങൾ കുരിശാകൃതിയിൽ നീട്ടി ശിരസ്സിൽ വച്ചാണ്. “വാഴൂ വട്ടക്കളി” അഥവാ “ആലാഹാനായൻ തുണയാലെ ചൊല്ലുന്നു” എന്ന ഗാനം ആരംഭിക്കുമ്പോൾ വധുവിന്റെ അമ്മ ഒരേ പാത്രത്തിൽ നിന്ന് ദമ്പതികൾക്ക് പാലും പഴവും ചേർന്ന മധുരം നൽകും. അതിനൊരുക്കമായി കിണ്ടിയിൽ വെള്ളവും കോളാമ്പിയുമുപയോഗിച്ച് വായ വൃത്തിയാക്കാൻ വധുവിന്റെ അമ്മ ദമ്പതികളെ സഹായിക്കും.

കച്ച തഴുകൽ (“പൊന്നാനിന്തീടം” പാടിക്കഴിഞ്ഞ്): അടുത്തത് കച്ച തഴുകലാണ്. വരന്റെ പിതൃസഹോദരൻ ഇപ്പോൾ വരന്റെ കയ്യിൽ സാരിയോ മറ്റു വസ്ത്രമോ നൽകും. വരൻ അത് തന്റെ ഇരുകൈകളിലും പിടിക്കും. വധുവിന്റെ അമ്മാവൻ തന്റെ തോളിൽ നിന്ന് രണ്ടാം മുണ്ടെടുത്ത് തലയിൽ “കത്രികപൂട്ടുകെട്ടി” “കച്ച തഴുക്കട്ടെ?” എന്ന് മൂന്ന് തവണ ചോദിച്ച് സദസ്സിന്റെ അനുമതി വാങ്ങും. തുടർന്ന് തലക്കെട്ട് അഴിക്കാതെ വരനെ മൂന്നു പ്രാവശ്യം തഴുകും. അമ്മാവൻ ആദ്യം രണ്ടു കൈകൊണ്ടും വരന്റെ അരക്കെട്ടിൽ സ്പർശിക്കും. തുടർന്ന് വരന്റെ കൈകളുടെ അടിഭാഗത്തും തുണിയിലും സ്പർശിക്കും. തുടർന്ന് അദ്ദേഹം ആ വസ്ത്രമെടുത്ത് വധുവിന്റെ കൈകളിൽ കൊടുത്ത് അപ്രകാരം ആവർത്തിക്കും. മൂന്നു പ്രാവശ്യം വധുവിനെ തഴുകിയ ശേഷം തുണി എടുത്ത് പിൻവാങ്ങും. അതിനുശേഷം വധുവിന്റെ അമ്മയും (അമ്മപ്പാതി) അമ്മൂമ്മയും (അമ്മൂമ്മപ്പാതി) അതുപോലെ തഴുകൽ ആവർത്തിക്കും. വധുവിനെ ഇക്കാലമത്രയും വളർത്തിയതിന് നന്ദിസൂചകമായാണ് വരന്റെ കുടുംബക്കാർ വധുവിന്റെ കുടുംബാംഗങ്ങൾക്ക് വസ്ത്രങ്ങൾ സമ്മാനിക്കുന്നത്. തുടയുടെ താഴെ തൊടുന്നത് പഴയനിയമ കാലഘട്ടത്തിൽ പ്രതിജ്ഞയെ സൂചിപ്പിക്കുന്ന ആചാരമായിരുന്നു. ഗോത്രപിതാക്കന്മാരായ അബ്രഹാമും യാക്കോബും അപ്രകാരം ചെയ്തിട്ടുണ്ട്. വധുവിന്റെ കുടുംബത്തിൽ നിന്ന് ദമ്പതികൾക്ക് തുടർന്നും പിന്തുണ ലഭിക്കുമെന്ന ഉറപ്പാണ് തഴുകൽ.

സ്വർണമാല അണിയിക്കൽ: വധുവിന്റെ മാതാവ് വരനും വരന്റെ അമ്മ വധുവിനും സ്വർണമാല സമ്മാനമായി നല്കി അവരെ അണിയിക്കുന്ന ചടങ്ങാണിപ്പോൾ. മുൻ‌കാലങ്ങളിൽ ഇപ്രകാരം നല്കിയിരുന്നത് പിന്നീടാണെങ്കിലും അടുത്തകാലത്ത് അത് മണർക്കോലത്തിൽ വിവാഹദിനത്തിൽതന്നെ നല്കുന്നു.

വിവാഹ വിരുന്ന്: വിവാഹ വിരുന്നിന് ഒരുക്കമായി വരന്റെ അമ്മാവൻ വധുവിന്റെ അമ്മാവന് കിണ്ടിയും കോളാമ്പിയും ഉപയോഗിച്ച് കൈ കഴുകാൻ വെള്ളം നൽകും. (തുടർന്ന്‌ വരന്റെ അമ്മാവന്മാർ വധുവിന്റെ അമ്മാവൻമാർക്ക് പൊരിച്ച “കോഴി തുട” നൽകും). എല്ലാവർക്കും ഉടനെ ഭക്ഷണം വിളമ്പുന്നതാണ്.

വഴി പുകല (യാത്രയ്ക്കുള്ള ലഘുഭക്ഷണം): പണ്ട് ആളുകൾക്ക് പുകയില ചവയ്ക്കുന്ന ശീലമുണ്ടായിരുന്നു. വധുവിന്റെ അമ്മാവൻമാർ കല്യാണവീട്ടിൽ നിന്നു മടങ്ങുമ്പോൾ അവർക്ക് വരന്റെ വീട്ടുകാർ, നടന്നുള്ള മാർഗമധ്യേ ഉപയോഗിക്കാൻ പുകയില നല്കി യാത്രയയച്ചിരുന്നു. ഇപ്പോൾ ആളുകൾ പുകയില ഉപയോഗിക്കാത്തതിനാൽ, വരന്റെ വീട്ടുകാർ അതിനു പകരം പലഹാരപ്പൊതി നല്കുന്നു.

Share This

The Knanayology Foundation (Knanaya Global Foundation NFP), a non-profit organization registered in IL, USA, hosts Knanayology and undertakes other projects on Knanaya Community .