വിവാഹവാഗ്ദാനത്തിനു മുമ്പ് ഭവനത്തിലെ പ്രാർത്ഥന

നായകൻ: പിതാവായ ദൈവത്തിന്റെയും ഈശോ മിശിഹായുടെയും അനുഗ്രഹത്താൽ ഇന്നത്തെ ചടങ്ങുകളെല്ലാം മംഗളമായി നടക്കുവാൻ പ്രാർത്ഥിച്ചുകൊണ്ട് നമുക്ക് ഈ ശുശ്രൂഷ ആരംഭിക്കാം.

(മാർത്തോമ്മാൻ ഗാനം എല്ലാവരും ചേർന്ന് ആലപിക്കുന്നു)

മാർത്തോമ്മാൻ നന്മയാലൊന്നു തുടങ്ങുന്നു
നന്നായ് വരേണമേയിന്ന്
ഉത്തമനായ മിശിഹാ തിരുവുള്ളം
ഉണ്മൈയെഴുന്നൾക വേണം

കാരണമായവരെല്ലാരും കൂടീട്ട്
നന്മാരുത്തിത്തരേണം
ആലാഹാനായനും അൻപൻ മിശിഹായും
കൂടെ തുണയ്ക്ക ഇവർക്ക്.

നായകൻ: സ്വർഗസ്ഥനായ പിതാവേ … (എല്ലാവരും ചേർന്നു ചൊല്ലുന്നു)

ശുശ്രൂഷി: പ്രാർഥിക്കാം സമാധാനം നമ്മോടുകൂടെ.

നായകൻ: പൂർവപിതാവായ ഇസഹാക്കിന് സ്വന്തം വംശത്തിൽനിന്ന് ഭാര്യയെ അന്വേഷിച്ചു പുറപ്പെട്ട അബ്രാഹത്തിന്റെ ദാസനെ അനുഗമിച്ച് ആശീർവദിച്ച കർത്താവേ, വിവാഹവാഗ്ദാനത്തിനായി യാത്രതിരിക്കുന്ന നിന്റെ ദാസനെ (ദാസിയെ) കൃപാപൂർവം കടാക്ഷിക്കണമേ. മനുഷ്യവംശത്തിന്റെ നിലനില്പിനും പരസ്പരസഹായത്തിനുമായി പുരുഷനേയും സ്ത്രീയേയും കൂട്ടി യോജിപ്പിച്ച ദൈവമേ, തിരുമുമ്പിൽ ഈ നിമിഷം കാരുണ്യം യാചിച്ചു നിൽക്കുന്ന ഈ ദാസനെ (ദാസിയെ) ഞങ്ങൾ അങ്ങേയ്ക്കു സമർപ്പിക്കുന്നു. ഇന്നു നടത്തുവാൻ പോകുന്ന വിവാഹവാഗ്ദാനത്തിനനുസൃതം വിശ്വസ്തതാപൂർവം ജീവിക്കുവാൻ ഞങ്ങൾക്കു കൃപ നല്കണമേ. നിത്യനായ സർവേശ്വരാ എന്നേക്കും.

സമൂഹം: ആമ്മേൻ

ശുശ്രൂഷി: നമുക്കെല്ലാവർക്കും കർത്താവിൽ ശരണപ്പെട്ടുകൊണ്ട്, “കർത്താവേ ഞങ്ങളുടെ പ്രാർഥന കേൾക്കണമേ” എന്നു യാചിക്കാം.

സമൂഹം: കർത്താവേ ഞങ്ങളുടെ പ്രാർഥന കേൾക്കണമേ.

ശുശ്രൂഷി: നിന്റെ ജനമായ ഇസ്രായേലിനോട് ഉടമ്പടി ചെയ്യുകയും വാഗ്ദാനങ്ങളിൽ വിശ്വസ്തത കാണിക്കുകയും ചെയ്ത കർത്താവേ, ഈ വിവാഹവാഗ്ദാനം വഴി വിശ്വസ്തതയിലും ദൈവപരിപാലനയിലുമുള്ള വിശ്വാസത്തിലും വളരാൻ ഞങ്ങളെ അനുഗ്രഹിക്കണമേ എന്നു പ്രാർഥിക്കുന്നു.

സമൂഹം: കർത്താവേ ഞങ്ങളുടെ പ്രാർഥന കേൾക്കണമേ.

ശുശ്രൂഷി: ഇന്നു വിവഹവാഗ്ദാനം വഴി വിവാഹിതരാകാൻ ആഗ്രഹിക്കുന്ന ഞങ്ങളുടെ മക്കൾ (വധൂവരന്മാരുടെ പേരുകൾ) സ്നേഹത്തിൽ വളരാനും അങ്ങേയ്ക്ക് എന്നും പ്രിയപ്പെട്ടവരായിരിക്കാനും ഇടയാക്കണമെന്നു ഞങ്ങൾ പ്രാർഥിക്കുന്നു.

സമൂഹം: കർത്താവേ ഞങ്ങളുടെ പ്രാർഥന കേൾക്കണമേ.

ശുശ്രൂഷി: ഇന്ന് വിവാഹബന്ധത്തിൽ ഏർപ്പെടാനാഗ്രഹിക്കുന്ന രണ്ടു കുടുംബങ്ങളും പരസ്പരസ്നേഹത്തിലും ധാരണയിലും വളരാൻ ഇടയാക്കണമേയെന്ന് ഞങ്ങൾ പ്രാർഥിക്കുന്നു.

സമൂഹം: കർത്താവേ ഞങ്ങളുടെ പ്രാർഥന കേൾക്കണമേ.

നായകൻ: (വിവാഹാർത്ഥിയുടെ ശിരസ്സിൽ കൈവച്ചുകൊണ്ട്) നമ്മുടെ പിതാക്കന്മാരായ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം നിന്നോടു ഉണ്ടായിരിക്കട്ടെ. തോബിയാസിനെയും സാറായേയും സംരക്ഷിച്ച കർത്താവ് നിന്നെയും സംരക്ഷിക്കട്ടെ. ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ.

(വിവാഹാർത്ഥി മാതാപിതാക്കൾക്കു സ്തുതി ചൊല്ലിയശേഷം ഏവരും ദൈവാലത്തിലേക്കു പോകുന്നു).

Share This

The Knanayology Foundation (Knanaya Global Foundation NFP), a non-profit organization registered in IL, USA, hosts Knanayology and undertakes other projects on Knanaya Community .