ചന്തം ചാർത്തൽ

(മണവാളനെ പന്തലിൽ കൊണ്ടുവന്ന ശേഷം എല്ലാവരും ചേർന്ന് മാർത്തോമ്മാൻ ഗാനം ആലപിക്കുന്നു.)

മാർത്തോമ്മാൻ നന്മയാലൊന്നു തുടങ്ങുന്നു
നന്നായ് വരേണമേയിന്ന്
ഉത്തമനായ മിശിഹാ തിരുവുള്ളം
ഉണ്മൈയെഴുന്നൾക വേണം

കന്തീശാനായനെഴുന്നള്ളി വന്നിട്ട്
കർപ്പൂരപ്പന്തലകമേ
കാരണമായവരെല്ലാരും കൂടീട്ട്
നന്മാരുത്തിത്തരേണം

ആലാഹാനായനും അൻപൻ മിശിഹായും
കൂടെ തുണയ്ക്ക ഇവർക്ക്.

നായകൻ: സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ … (സമൂഹവും കൂടി ബാക്കി ചൊല്ലുന്നു).

വായന: സഹോദരരെ തോബിത്തിന്റെ പുസ്തകത്തിൽനിന്നുള്ള വായന (8:1-8)

ഭക്‌ഷണത്തിനുശേഷം തോബിയാസിനെ അവര്‍ സാറായുടെ അടുത്തേക്കു നയിച്ചു. അവന്‍ റഫായേലിന്റെ വാക്കുകള്‍ അനുസ്‌മരിച്ച്‌ ധൂപകലശത്തിലെ തീക്കനലില്‍ മത്സ്യത്തിന്റെ ചങ്കും കരളും ഇട്ടു പുകച്ചു. മണമേറ്റപ്പോൾ പിശാച്‌ ഈജിപ്‌തിന്റെ അങ്ങേയറ്റത്തേക്കു പലായനം ചെയ്‌തു. ദൂതന്‍ അവനെ ബന്‌ധിച്ചു. മണവറയില്‍ അവര്‍ തനിച്ചായപ്പോള്‍ തോബിയാസ്‌ എഴുന്നേറ്റു സാറായോടു പറഞ്ഞു: നമുക്ക്‌ എഴുന്നേറ്റു കര്‍ത്താവിന്റെ കാരുണ്യത്തിനായി പ്രാര്‍ഥിക്കാം.
തോബിയാസ്‌ ഇങ്ങനെ പ്രാര്‍ഥിച്ചു: “ഞങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമേ, അവിടുന്ന്‌ വാഴ്‌ത്തപ്പെടെട്ടെ! അവിടുത്തെ വിശുദ്‌ധവും മഹനീയവുമായ നാമം എന്നെന്നും വാഴ്‌ത്തപ്പെടെട്ടെ! ആകാശവും അങ്ങയുടെ സകല സൃഷ്‌ടികളും അങ്ങയെ വാഴ്‌ത്തട്ടെ! അവിടുന്ന്‌ ആദത്തെ സൃഷ്‌ടിച്ചു. അവനു തുണയും താങ്ങുമായി ഹവ്വായെ ഭാര്യയായി നല്‍കി. അവരില്‍നിന്നു മാനവവംശം ഉദ്‌ഭവിച്ചു. അവിടുന്ന്‌ പറഞ്ഞു: ‘മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല. അവനുവേണ്ടി അവനെപ്പോലുള്ള ഒരു തുണയെ നമുക്കു സൃഷ്‌ടിക്കാം.’ കര്‍ത്താവേ, ഞാന്‍ ഇവളെ സ്വീകരിക്കുന്നത്‌ ജഡികമായ അഭിലാഷത്താലല്ല, നിഷ്‌കളങ്കമായ പ്രേമത്താലാണ്‌. അങ്ങയുടെ കാരുണ്യമ് എനിക്കുണ്ടാകണമേ! ഇവളോടൊത്തു വര്‍ധക്യത്തിലെത്തുന്നതിന്‌ അവിടുന്ന്‌ അനു ്രഗഹിച്ചാലും!” അവള്‍ ആമേന്‍ എന്ന്‌ ഏറ്റുപറഞ്ഞു.

സമൂഹം: ദൈവമായ കർത്താവിനു സ്തുതി.

അല്ലെങ്കിൽ

വായന: സഹോദരരേ വി. പത്രോസിന്റെ ഒന്നാം ലേഖനത്തിൽനിന്നുള്ള വായന (3:7-12)

ഇങ്ങനെതന്നെ ഭര്‍ത്താക്കന്‍മാരേ, നിങ്ങള്‍ വിവേകത്തോടെ നിങ്ങളുടെ ഭാര്യമാരോടൊത്തു ജീവിക്കുവിന്‍. സ്ത്രീ ബലഹീനപാത്രമാണെങ്കിലും ജീവദായകമായ കൃപയ്‌ക്കു തുല്യമായ അവകാശിനിയെന്നനിലയില്‍ അവളോടു ബഹുമാനം കാണിക്കുവിന്‍. ഇതു നിങ്ങളുടെ പ്രാര്‍ഥനയ്‌ക്കു തടസമുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ്‌.

അവസാനമായി, നിങ്ങളെല്ലാവരും ഹൃദയൈക്യവും അനുകമ്പയും സഹോദര സ്‌നേഹവും കരുണയും വിനയവും ഉളളവരായിരിക്കുവിന്‍. തിന്‍മയ്‌ക്കു തിന്‍മയോ, നിന്‌ദനത്തിനു നിന്‌ദനമോ പകരം കൊടുക്കാതെ, അനുഗ്രഹിക്കുവിന്‍. അനുഗ്രഹം അവകാശമാക്കുന്നതിനുവേണ്ടി വിളിക്കപ്പെരിക്കുന്നവരാണല്ലോ നിങ്ങള്‍. ജീവിതത്തെ സ്‌നേഹിക്കുകയും നല്ല ദിവസങ്ങള്‍ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവന്‍ തിന്‍മയില്‍നിന്നു തന്റെ നാവിനെയും വ്യാജം പറയുന്നതില്‍നിന്നു തന്റെ അധരത്തെയും നിയന്ത്രിക്കട്ടെ. അവന്‍ തിന്‍മയില്‍നിന്നു പിന്തിരിഞ്ഞു നന്‍മ ചെയ്യട്ടെ. സമാധാനം അന്വേഷിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യട്ടെ. എന്തെന്നൊല്‍, കര്‍ത്താവിന്റെ കണ്ണുകള്‍ നീതിമാന്‍മാരുടെ നേരേയും അവിടുത്തെ ചെവികള്‍ അവരുടെ പ്രാര്‍ഥനകളുടെ നേരേയും തുറന്നിരിക്കുന്നു. എന്നാല്‍, തിന്‍മ പ്രവര്‍ത്തിക്കുന്നവരില്‍നിന്ന്‌ അവിടുന്നു മുഖം തിരിച്ചിരിക്കുന്നു.

സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി.

ശുശ്രൂഷി: നമുക്കു പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ.

നായകൻ: കർത്താവായ ദൈവമേ, അങ്ങയുടെ സാദൃശ്യത്തിലും ഛായയിലും അങ്ങ് മനുഷ്യനെ സൃഷ്ടിച്ചുവല്ലോ. പുരുഷൻ ഏകനായിരിക്കുന്നതു നന്നല്ലാത്തതുകൊണ്ട് അവന് ഇണയും തുണയുമായി, ദൈവമേ, സ്ത്രീയെ അങ്ങു മെനഞ്ഞെടുത്തു. പാപം ചെയ്തു വിരൂപമാക്കിയ മനുഷ്യത്വത്തെ കർത്താവീശോ മിശിഹാ സ്വരക്തത്താൽ കഴുകി വിശുദ്ധീകരിച്ചു. ദൈവമായ കർത്താവേ, വിവാഹത്തിനായി ഒരുങ്ങുന്ന നിന്റെ ദാസനെ ആന്തരിക സൗന്ദര്യത്താലും സേവനസന്നദ്ധതയാലും സമ്പന്നനാക്കണമേ. കർത്താവേ, നല്ല ഭർത്താവും നല്ല പിതാവുമായി നിന്റെ ദാസനെ രൂപാന്തരപ്പെടുത്തണമേ. കുടുംബത്തേയും സമുദായത്തേയും സഭയേയും രാഷ്ട്രത്തേയും സ്നേഹിച്ച് അങ്ങേക്ക് സാക്ഷ്യം വഹിക്കുവാൻ ഈ പുത്രനെ യോഗ്യനാക്കണമേ. അങ്ങയെ കൃപയോർത്ത് അങ്ങയെ സ്തുതിക്കുവാൻ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ. ഇപ്പോഴും എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ.

(തുടർന്ന് അന്തം ചാർത്തിന്റെ മറ്റു ചടങ്ങുകൾ നടത്തുന്നു).

Share This

The Knanayology Foundation (Knanaya Global Foundation NFP), a non-profit organization registered in IL, USA, hosts Knanayology and undertakes other projects on Knanaya Community .