വാഹനം വെഞ്ചരിപ്പ്

കാർമ്മി: പിതാവിന്റെയും + പുത്രന്റെയും …

കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ (സമൂഹവും ചേർന്ന്) …

ശുശ്രൂ: പ്രാർഥിക്കാം, നമുക്കു സമാധാനം.

കാർമ്മി: കാറ്റിന്റെ ചിറകുകളിൽ സഞ്ചരിക്കുന്ന ലോകനിയന്താവായ ദൈവമേ, അങ്ങയുടെ മക്കളായ ഞങ്ങളെ തൃക്കൺ പാർക്കണമേ. ഞങ്ങളുടെ വിനീതമായ പ്രാർത്ഥനകളിൽ അങ്ങു സം‌പ്രീതനാകണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സവ്വേശ്വരാ.

സമൂ: ആമ്മേൻ.

കാർമ്മി: (സങ്കീ. 91) അത്യുന്നതന്റെ സംരക്ഷണമുള്ളവനും ദൈവത്തിന്റെ തണലിൽ ജീവിക്കുന്നവനും ഭാഗ്യവാനാകുന്നു.

സമൂ: എന്റെ ആശ്രയവും സങ്കേതവും അങ്ങ ആകുന്നുവെന്ന് കർത്താവിനോടു പറയുക.

കാർമ്മി: തന്റെ തൂവലുകൾകൊണ്ട് അവിടുന്നു നിന്നെ മറച്ചുകൊള്ളും.

സമൂ: തന്റെ ചിറകുകളുടെ കീഴിൽ അവിടുന്നു നിന്നെ കാത്തുകൊള്ളും.

കാർമ്മി: പിതവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

സമൂ: ആദിമുതൽ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ.

ശുശ്രൂ: പ്രാർത്ഥിക്കാം നമുക്കു സമാധാനം.

കാർമ്മി: ചരാചരങ്ങളെയെല്ലാം നിയന്ത്രിക്കുന്ന സർവ്വശക്തനായ ദൈവമേ, ഈ വാഹനം + ആശീർവ്വഹിക്കണമേ. യാത്രയിലുണ്ടാകാവുന്ന എല്ലാ അപകടങ്ങളിലും നിന്ന് ഈ വാഹനത്തെയും ഇതിൽ യാത്ര ചെയ്യുന്നവരെയും കാത്തു രക്ഷിക്കണമേ. അവരെ നേർവഴിക്കു നയിക്കുകയും പരിപാലിക്കുകയും ചെയ്യണമേ. ഇപ്പോഴും + എപ്പോഴും എന്നേക്കും.

സമൂ: ആമ്മേൻ

(വെഞ്ചരിച്ച പനിനീർ തളിക്കുന്നു).

(ജലവാഹനമെങ്കിൽ)

കാർമ്മി: കാറ്റിനേയും കടലിനേയും ശാന്തമാക്കുന്ന കർത്താവേ, ഈ വാഹനം + ആശീർവ്വഹിക്കണമേ. കാറ്റിലും കോളിലും നിന്ന് ഈ വാഹനത്തെയും ഇതിലെ യാത്രക്കാരെയും രക്ഷിക്കണമേ. അവരെ നേർവഴിക്കു നയിക്കുകയും പരിപാലിക്കുകയും ചെയ്യണമേ. ഇപ്പോഴും + എപ്പോഴും എന്നേക്കും.

സമൂ: ആമ്മേൻ

(വെഞ്ചരിച്ച പനിനീർ തളിക്കുന്നു).

Share This

The Knanayology Foundation (Knanaya Global Foundation NFP), a non-profit organization registered in IL, USA, hosts Knanayology and undertakes other projects on Knanaya Community .