വിവാഹം

ദൈവാലയത്തിലേക്ക്

1. ദൈവാലയത്തിലേക്കു പുറപ്പെടുന്നതിനു മുമ്പ് വരന്റെയും വധുവിന്റെയും ഭവനങ്ങളിൽ പ്രാർത്ഥന നടത്തണം.

2. ഈശോമിശിഹായുടെ പ്രതീകമായി കോലുവിളക്കു കത്തിച്ചു വയ്ക്കണം.

3. തുടർന്നു മുതിർന്നവർക്കു സ്തുതി ചൊല്ലുമ്പോൾ വധുവും വരനുമാണ് സ്തുതി വാചകം ചൊല്ലേണ്ടത്.

4. വല്യപ്പൻ, വല്യമ്മ, മാതൃപിതൃസഹോദരർ തുടങ്ങിയവർക്കു സ്തുതി ചൊല്ലിയശേഷം അവസാനമാണ് മാതാപിതാക്കൾക്കു സ്തുതി ചൊല്ലേണ്ടത്.

5. ദൈവാലയത്തിലേക്കു പോകുമ്പോൾ താലി, മന്ത്രകോടി, കൊന്ത, ദേശകുറി മുതലായവ കൊണ്ടുപോകുവാൻ മറക്കരുത്. താലികെട്ടുവാനുള്ള ചരട് മന്ത്രകോടിയിൽനിന്നെടുത്ത ഏഴു നൂലുകൾ കൂട്ടിപ്പിരിച്ചുണ്ടാക്കിയതായിരിക്കണം.

6. ഭവനത്തിൽനിന്ന് ദൈവലയത്തിലേക്കു പോകുമ്പോൾ വാഹനംവരെ (മുറ്റം വരെ) കത്തിച്ച കോലുവിളക്കുമായി പോകണം. ഈശോയോടൊത്തു പുറപ്പെടുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

7. വധൂവരന്മാരിൽ ഏതുവിഭാഗക്കാർ ആദ്യം വന്നാലും മറ്റേ കൂട്ടർ വരുവാൻ കാത്തിരിക്കാതെ ദൈവാലയത്തിൽ കയറി പ്രാർത്ഥിക്കാം.

8. വരനെയും വധുവിനെയും അവരവരുടെ മാതാപിതാക്കൾ മദ്ബഹായിലേക്ക് ആനയിക്കുന്നത് അഭിലഷണീയമാണ്.

9. ക്നാനായ കത്തോലിക്കാ വിവാഹാനന്തരം വൈദികർ ചേർന്ന് “ബറുമറിയം” എന്ന ഗാനം ആലപിക്കുന്നു.

വിവാഹശേഷം പന്തലിൽ

1. മണർക്കോലം തയ്യാറാക്കി കരിമ്പടവും അതിന്മേൽ വെള്ളവസ്ത്രവും വിരിച്ചിരിക്കണം.

2. മണർക്കോലത്തിനടുത്ത് വിളക്ക് കത്തിച്ചു വെയ്ക്കണം.

3. “നെല്ലും നീരും” വെക്കുവാൻ തട്ടത്തിൽ വെള്ളവും ഏഴു നെല്ലും കുരുത്തോലയും ഉണ്ടായിരിക്കണം.

4. തഴക്കുട ഉണ്ടെങ്കിൽ വധുവിന്റെ അമ്മാച്ചൻ അത് വരന്റെ അമ്മാച്ചനെ ഏല്പിക്കുന്നു.

5. ദമ്പതിമാരെ അമ്മാച്ചന്മാർ മൂന്നു പ്രാവശ്യം നടവിളിച്ച് പന്തലിന്റെ വാതിക്കൽ കൊണ്ടുവന്ന് വീടിന് (പന്തലിന്) അഭിമുഖമായി നിറുത്തുന്നു. വധൂവരന്മാരെ അമ്മാച്ചന്മാർ എടുത്തുകൊണ്ടു പോകേണ്ടതില്ല. ആനയിച്ചാൽ മതി.

6. എവിടെ കെട്ടിക്കേറിയാലും “നെല്ലും നീരും” വയ്ക്കാനുള്ള അവകാശി വരന്റെ മാതാവാണ്. മുൻ‌കാലങ്ങളിൽ തട്ടം പിടിച്ചിരുന്നത് വധുവിന്റെ മാതാവായിരുന്നു. അത് തുടരുന്നതാണ് അഭികാമ്യം. കോലുവിളക്ക് വരന്റെ സഹോദരി പിടിക്കണം.

7. മണവാളന്റെയും മണവാട്ടിയുടെയും നെറ്റിയിൽ മൂന്നു പ്രാവശ്യം കുരിശു വരയ്ക്കുമ്പോൾ ഓരോ പ്രാവശ്യവും കുരുത്തോല ജലത്തിൽ മുക്കിയാണു കുരിശു വരയ്ക്കേണ്ടത്.

8. തുടർന്ന് അമ്മാച്ചന്മാർ നവദമ്പതികളെ മണർക്കോലത്തിൽ കൊണ്ടുപോയി ഇരുത്തുന്നു. വരനെ വലതു വശത്തും വധുവിനെ വരന്റെ ഇടതു വശത്തുമാണ് ഇരുത്തേണ്ടത്.

9. മണവാട്ടിയുടെ അമ്മയോ (അവർ ഇല്ലെങ്കിൽ മാത്രം അമ്മയുടെ സ്ഥനത്തുള്ള മറ്റൊരു ബന്ധുവോ) “വാഴു പിടിക്കട്ടെ” എന്നു മൂന്നു പ്രാവശ്യം ചോദിച്ച് അനുവാദം വാങ്ങിയശേഷം വാഴു കൊടുക്കുന്നു. വധൂവരന്മാരുടെ മുമ്പിൽ ഇട്ടിട്ടുള്ള പീഠത്തിൽ നിന്നുകൊണ്ട് വലതുകരം ഇടതുകരത്തിന്റെ മുകളിൽ വരത്തക്കവിധം കുരിശാകൃതിയിൽ വലതുകരം വരന്റെ ശിരസ്സിലും ഇടതുകരം വധുവിന്റെ ശിരസ്സിലുമാണു വെക്കേണ്ടത്.

10. തത്സമയം വാഴൂപാട്ട് പാടുന്നു. കിണ്ടിയിൽ വെള്ളവും കോളാമ്പിയും ഉപയോഗിച്ച് ദമ്പതികളുടെ വായ ശുദ്ധമാക്കണം. ഗാനത്തിൽ പാലും പഴവും കൊടുക്കേണ്ട ഘട്ടത്തിൽ കരങ്ങൾ ശിരസ്സിൽനിന്ന് എടുത്ത ശേഷം ആദ്യം വരനും തുടർന്നു വധുവിനും ഒരേ പാത്രത്തിൽനിന്ന് അവ കൊടുക്കുന്നു. അതിനു സഭാനുവാദം വാങ്ങുന്നില്ല. വധൂവരന്മാരുടെ കൈയിൽ പാത്രം കൊടുക്കരുത്.

11. “പാലും പഴവും” നല്കൽ മധുരം നല്കലായതിനാൽ കേക്കു മുറിക്കൽ കരിക്കു കുടിക്കൽ എന്നിവ ഇരട്ടിപ്പും അനാവശ്യവുമാണ്.

12. “പൊന്നണിന്തീടും” എന്ന ഗാനം ആലപിച്ചശേഷം കച്ചതഴുകൽ നടത്തുന്നു. വരന്റെ പിതൃ സഹോദരൻ (അല്ലെങ്കിൽ വരന്റെ വീട്ടുകാരിൽ മുതിർന്നയാൾ) കച്ചയെടുത്ത് വരന്റെ കയ്യിൽ കൊടുക്കുന്നു. വധുവിന്റെ അമ്മാച്ചൻ തലയിൽകെട്ടി “കച്ച തഴുകട്ടേ” എന്നു മൂന്നു പ്രാവശ്യം ചോദിച്ച് സഭാനുവാദം വാങ്ങണം. തുടർന്ന് തലക്കെട്ട് അഴിക്കാതെ മണവാളനെ മൂന്നു പ്രാവശ്യം തഴുകി കച്ച വാങ്ങി മണവാട്ടിയുടെ കയ്യിൽ കൊടുക്കുന്നു. വധുവിനെയും മൂന്നു പ്രാവശ്യം തഴുകി കച്ച വാങ്ങി പിന്മാറുന്നു.

13. തഴുകേണ്ട രീതി: തഴുകുന്നയാൾ വരന്റെയും വധുവിന്റെയും അരക്കെട്ടിനിരുവശവും സ്പർശിച്ചശേഷം അവരുടെ ഇരുകരങ്ങളിലും ഒപ്പം കരങ്ങളിലെ കച്ചയുടെ അടിഭാഗത്തും സ്പർശിക്കുന്നു. സ്വന്തം തുടയിലല്ല തഴുകേണ്ടത്.

14. അമ്മപ്പാതിയും അമ്മൂമ്മപ്പാതിയും ഉണ്ടെങ്കിൽ അവർ തഴുകുമ്പോൾ അനുവാദം ചോദിക്കേണ്ടതില്ല.

15. വാഴൂപ്പാട്ട്, പൊന്നണിന്തീടും എന്നീ ഗാനങ്ങൾക്കുശേഷം സമയോചിതമായി മുന്നം മലങ്കര, ഇന്നു നീ ഞങ്ങളേ, നല്ലോരോറോശ്ലം എന്നിവയും ഈ ക്രമത്തിൽ ആലപിക്കാം.

16. ദമ്പതികളെ മണവറയിലേക്കു കൊണ്ടുപോയ ശേഷം മണവാളന്റെ അമ്മാച്ചൻ മണവാട്ടിയുടെ അമ്മാച്ചന് കൈ കഴുകുവാൻ കിണ്ടിയിൽ കിണ്ടിയിൽ വെള്ളം നല്കുന്നു.

17. ക്നാനായ യാക്കോബായ വിവാഹങ്ങൾക്ക് മണവാളന്റെ അമ്മാച്ചന്മാർ മണവാട്ടിയുടെ അമ്മാച്ചന്മാർക്ക് കോഴിത്തുട കൊടുക്കുന്ന പതിവുണ്ട്.

Share This

The Knanayology Foundation (Knanaya Global Foundation NFP), a non-profit organization registered in IL, USA, hosts Knanayology and undertakes other projects on Knanaya Community .