കുമ്പസാരത്തിനുള്ള ജപം

സര്‍വ്വശക്തനായ ദൈവത്തോടും, നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപക യോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും, വിശുദ്ധ തോമ്മായോടും, സകല വിശുദ്ധരോടും, പിതാവേ, അങ്ങയോടും ഞാന്‍ ഏറ്റു പറയുന്നു. വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഞാന്‍ വളരെ പാപം ചെയ്തുപോയി. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ.

ആകയാല്‍ നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപക യോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും, വിശുദ്ധ തോമ്മായോടും, സകല വിശുദ്ധരോടും, പിതാവേ, അങ്ങയോടും നമ്മുടെ കര്‍ത്താവായ ദൈവത്തോട് എനിയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ എന്ന് ഞാനപേക്ഷിക്കുന്നു. ആമ്മേന്‍.

മനസ്താപപ്രകരണം

എന്റെ ദൈവമേ! ഏറ്റം നല്ലവനും എല്ലാറ്റിനും ഉപരിയായി സ്നേഹിക്കപ്പെടുവാന്‍ യോഗ്യനുമായ അങ്ങേയ്ക്കെതിരായി പാപം ചെയ്തു പോയതിനാല്‍ പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ മനസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു. അങ്ങെയെ ഞാന്‍ സ്നേഹിക്കുന്നു. എന്റെ പാപങ്ങളാല്‍ എന്റെ ആത്മാവിനെ അശുദ്ധമാക്കിയതിനാലും സ്വര്‍ഗ്ഗത്തെ നഷ്ടപ്പെടുത്തി നരകത്തിന് അര്‍ഹനായി (അര്‍ഹയായി)ത്തീര്‍ന്നതിനാലും ഞാന്‍ ഖേദിക്കുന്നു. അങ്ങയുടെ പ്രസാദവരസഹായത്താല്‍ പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും മേലില്‍ പാപം ചെയ്കയില്ലെന്നും ദൃഢമായി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. ഏതെങ്കിലുമൊരു പാപം ചെയ്യുക എന്നതിനേക്കാള്‍ മരിക്കാനും ഞാന്‍ സന്നദ്ധനാ(സന്നദ്ധയാ)യിരിക്കുന്നു. അമ്മേന്‍.

Share This

The Knanaya Global Foundation NFP, a non-profit organization registered in IL, USA that also undertakes many other projects on worldwide Knanaya Community hosts Knanayology.