വിവാഹത്തിനു ദൈവാലയത്തിലേക്കു പോകുംമുമ്പ്
കുടുംബനാഥൻ: സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ … (സമൂഹവും കൂടി ബാക്കി ചൊല്ലുന്നു).
കുടുംബനാഥൻ: കർത്താവായ ദൈവമേ, അങ്ങ് ഒരിക്കൽക്കൂടി ഈ ഭവനത്തെ പ്രത്യേകമാംവിധം സന്ദർശിക്കുവാൻ തിരുമനസ്സയല്ലോ. അങ്ങയുടെ ദാസനും (ദാസിയും) ഞങ്ങൾക്കു പ്രിയപ്പെട്ട മകനും (മകളും) ആയ …. ന്റെ വിവാഹദിവസം ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങേപ്പക്കലേയ്ക്കു ഞങ്ങൾ ഉയർത്തുന്നു. ഞങ്ങളുടെ വഴിയും വഴികാട്ടിയുമായ കർത്താവേ, സർവ്വപ്രത്യാശയും ഞങ്ങൾ അങ്ങിൽ സമർപ്പിച്ച് ഈ ദാസനെ (ദാസിയെ) ഞങ്ങളിതാ വിവാഹത്തിനായി ഒരുക്കി വിശുദ്ധ അൾത്താരയിങ്കലേയ്ക്ക് യാത്രയയയ്ക്കുന്നു. കനിവോടെ തൃക്കൺ പാർക്കണമേ, നിത്യനായ സർവ്വേശ്വരാ.
സമൂഹം: ആമ്മേൻ.
കുടുംബനാഥൻ: ദൈവം രൂപകല്പന ചെയ്ത്ു മെനഞ്ഞെടുത്ത കുടുംബത്തെ ദൈവം സംരക്ഷിക്കും. ആ സംരക്ഷണം നമ്മുടെ കുടുംബത്തിനു ഏറ്റം ആവശ്യമായ സമയമാണിത്. നമുക്കെല്ലാവർക്കും ‘കർത്താവേ, ഞങ്ങൾ അങ്ങിൽ ആശ്രയിക്കുന്നു’ എന്ന് ഏറ്റു പറഞ്ഞു പ്രാർത്ഥിക്കാം.
സമൂഹം: കർത്താവേ, ഞങ്ങൾ അങ്ങിൽ ആശ്രയിക്കുന്നു.
കുടുംബനാഥൻ: അത്യുന്നതന്റെ സംരക്ഷണമുള്ളവനും സർവ്വശക്ത്ന്റെ തണലിൽ ജീവിക്കുന്നവനും ഭാഗ്യവാൻ.
സമൂഹം: കർത്താവേ, ഞങ്ങൾ അങ്ങിൽ ആശ്രയിക്കുന്നു.
കുടുംബനാഥൻ: തന്റെ തൂവലുകൾകൊണ്ട് എന്നെ അവിടുന്നു മറച്ചുകൊള്ളും. അവിടുത്തെ ചിറകുകളുടെ കീഴിൽ എനിക്ക് അഭയം ലഭിക്കും.
സമൂഹം: കർത്താവേ, ഞങ്ങൾ അങ്ങിൽ ആശ്രയിക്കുന്നു.
കുടുംബനാഥൻ: ‘കർത്താവിന്റെ ഭവനത്തിലേയ്ക്കു പോകുന്നുവെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.’
സമൂഹം: കർത്താവേ, ഞങ്ങൾ അങ്ങിൽ ആശ്രയിക്കുന്നു.
കുടുംബനാഥൻ: സകലത്തിന്റെയും നാഥാ, നിന്നെ ഞങ്ങൾ സ്തുതിക്കുന്നു. ഈശോമിശിഹായെ നിന്നെ ഞങ്ങൾ പുകഴ്ത്തുന്നു. എന്തുകൊണ്ടെന്നാൽ നീ ഞങ്ങളുടെ ശരീരങ്ങളെ ഉയർപ്പിക്കുന്നവൌം ആത്മാക്കളെ രക്ഷിക്കുന്നവനുമാകുന്നു.
ശുശ്രൂഷി: നമുക്കു പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ.
കുടുംബനാഥൻ: കർത്താവേ, നിന്റെ ദാസനെ (ദാസിയെ) സ്നേഹത്തിന്റെ ശൃംഖലകൊണ്ട് വിവാഹമെന്ന കൂദാശയാൽ ബന്ധിക്കുമാറാകണമേ. ദാമ്പത്യജീവിതത്തിൽ പരസ്പരം വിശ്വസിക്കുവാനും വിശ്വസ്തത പുലർത്തുവാനും ശക്തി നല്കണമേ. പരസ്പരധാരണയോടെ ഹൃദയൈക്യത്തിൽ ദൈവാനുഗ്രഹം അനുഭവിച്ചു സന്തുഷ്ടരായി കഴിയുവാൻ നിന്റെ ദാസന് (ദാസിക്ക്) ഇടയാകണമേ.
സ്നേഹനിധിയായ പിതാവേ, ഈ കുടുംബത്തിൽ നിന്നു മരിച്ച് അങ്ങിൽ ജീവിച്ചാനന്ദിക്കുന്ന പ്രിയപ്പെട്ടവരുടെ ഓർമയും പ്രാർത്ഥനയും ഞങ്ങളോടൊത്തുണ്ടാകണമേ.
കാനായിലെ കല്യാണത്തിൽ ആദ്യത്തെ അത്ഭുതം ചെയ്തു വിവാഹത്റ്റതെ മംഗളകരമാക്കിത്തീർത്ത ഈശോയെ ….ന്റെയും ….ടെയും വിവാഹ ജീവിതം ധന്യമാക്കണമേ. ആ കുടുംബത്തിനുവേണ്ടി മദ്ധ്യസ്ഥത യാചിച്ച പരിശുദ്ധ മാതാവേ, ഇവർക്കുവേണ്ടി എന്നും അപേക്ഷിക്കണമേ. നസ്രസ്സിലെ തിരുക്കുടുംബംപോലെ സ്നേഹത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ദൈവാശ്രയത്തിന്റെയും കുടുംബമാകുവാൻ വിശുദ്ധ യൗസേപ്പു പിതാവേ ഇവർക്കുവേണ്ടി അപേക്ഷിക്കേണമേ.
ഈ മംഗളകർമ്മത്തിൽ പങ്കെടുത്ത് മണവാളനെ / മണവാട്ടിയെ അനുഗ്രഹിക്കുന്ന ബന്ധുമിത്രാദികളെയും അഭ്യുദയകാംക്ഷികളെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ.
സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ …. (ഏല്ലാവരും തുടരുന്നു).
(കാരണവന്മാർക്കു സ്തുതി ചൊല്ലിയശേഷം ദൈവാലയത്തിലേക്കു പുറപ്പെടുന്നു).
The Knanayology Foundation (Knanaya Global Foundation NFP), a non-profit organization registered in IL, USA, hosts Knanayology and undertakes other projects on Knanaya Community .