ചന്തം (അന്തം) ചാർത്തൽ
1. പ്രാരംഭ പ്രാർത്ഥന ചൊല്ലുന്നു.
2. വെള്ള വിരിച്ച പീഠവും കത്തിച്ച കോലുവിളക്കും (നിലവിളക്കല്ല) വരന്റെ സഹോദരിമാർ പന്തലിൽ സജ്ജമാക്കുന്നു.
3. വരനെ അളിയന്മാർ പന്തലിലേക്ക് ആനയിച്ച് കിഴക്കിനഭിമുഖമായി പീഠത്തിൽ ഇരുത്തുന്നു.
4. “മാർത്തോമ്മാൻ” എന്ന ഗാനം ആലപിക്കുന്നു.
5. “പതിനേഴു പരിഷമേൽ മാളോരോട് ചോദിക്കുന്നു, ചെറുക്കനെ ചന്തം ചാർത്തട്ടേ” എന്ന് ക്ഷുരകൻ മൂന്നു പ്രാവശ്യം ചോദിച്ച് അനുവാദം വാങ്ങി അന്തം ചാർത്തുന്നു.
6. ചന്തം ചാർത്ത് തുടങ്ങുമ്പോൾ ആലപിക്കേണ്ട ഗാനങ്ങൾ: (1) “അന്തം ചാർത്ത്” (2) പൂർവ യൗസേപ്പിന്റെ വട്ടക്കളി (3) മാർ അബ്രാഹമിന്റെ വട്ടക്കളി (4) (സമയമുണ്ടെങ്കിൽ) “ഒത്തുതിരിച്ചവർ” (5) “മുന്നം മലങ്കര”.
7. ചന്തം ചാർത്തിനുശേഷം തേയ്ക്കാനുള്ള എണ്ണ സഹോദരിമാർ കൊണ്ടുവരുന്നു.
8. “എണ്ണ തേപ്പിക്കട്ടെ?” എന്ന് ക്ഷുരകൻ മൂന്നു പ്രാവശ്യം ചോദിച്ച് അനുവാദം വാങ്ങി വരനെ എണ്ണ തേപ്പിക്കുന്നു.
9. വരനെ അളിയൻ (അളിയന്മാർ) കുളിപ്പിക്കാൻ കൊണ്ടുപോകുന്നു.
10. പീഠത്തിൽ വിരിച്ച വെള്ളവസ്ത്രം ക്ഷുരകന്റെ അവകാശമാകയാൽ അത് അയാൾ എടുക്കുന്നു. പകരം പീഠത്തിൽ വേറെ വെള്ളവസ്ത്രം വിരിക്കുന്നു.
11. മണവാളനെ ശുഭ്രവസ്ത്രങ്ങൾ ധരിപ്പിച്ച് കുരിശുമാല അണിയിച്ച് അളിയൻ (അളിയന്മാർ) പന്തലിൽ കൊണ്ടുവന്ന് പീഠത്തിൽ ഇരുത്തുന്നു.
12. സഹോദരിമാരിൽ ഒരാൾ “ഇഛപ്പാടും’ (വെൺപാൽച്ചോറും ശർക്കരയും) കിണ്ടിയും കോളാമ്പിയും കൊണ്ടുവരുന്നു.
13. മണവാളന്റെ പിതൃസഹോദരന്മാരിൽ മുതിർന്നയാളോ, അയാൾ ചുമതലപ്പെടുത്തുന്ന പിതൃവഴിയിലുള്ള മറ്റൊരാളോ രണ്ടാമുണ്ടെടുത്തു അറ്റം രണ്ടും മുകളിലേക്കു വരത്തക്കവിധം കത്രികപ്പൂട്ടിട്ട് തലയിൽ കെട്ടിയശേഷം “ഇഛപ്പാടു കൊടുക്കട്ടേ?” എന്നു മൂന്നു പ്രാവശ്യം സഭാനുവാദം വാങ്ങുന്നു.
14. ഇഛപ്പാടു നല്കുന്നതിനൊരുക്കമായി മണവാളനെ കിണ്ടിയിൽനിന്നു വെള്ളം നല്കി വായ് കഴുകിച്ച് കൊളാമ്പിയിൽ തുപ്പിക്കുന്നു. തുടർന്നു കരങ്ങൾ കഴുകിയശേഷം വെൺപാൽച്ചോറിൽ ശർക്കര കൂട്ടിത്തിരുമ്മി ഇടതുകരം കൈമുട്ടിൽ താങ്ങിപ്പിടിച്ചുകൊണ്ട് മൂന്നു പ്രാവശ്യം ഇഛപ്പാടു കൊടുക്കുന്നു. നിർബന്ധമെങ്കിൽ പിതൃസഹോദരരിൽ രണ്ടു പേർക്കുകൂടി നല്കാം. അവർ അനുവാദം വാങ്ങേണ്ടതില്ല.
15. മണവാളനെ വീണ്ടും വായ് കഴുകിച്ചശേഷം അളിയൻ മണവാളനെ വീട്ടിനുള്ളിലേക്കു കൂട്ടിക്കൊണ്ടു പോകുന്നു.
The Knanayology Foundation (Knanaya Global Foundation NFP), a non-profit organization registered in IL, USA, hosts Knanayology and undertakes other projects on Knanaya Community .