മാമ്മോദീസായ്ക്കു ദൈവാലയത്തിൽ പോകും മുമ്പ് ഭവനത്തിൽ ചൊല്ല്ലാവുന്ന പ്രാർത്ഥന
ലീഡർ: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ
സമൂ: ആമ്മേൻ.
ലീഡർ: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി
സമൂ: ആമ്മേൻ.
ലീഡർ: ഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.
സമൂ: ആമ്മേൻ.
ലീഡർ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.
ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ടാരൂപയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ
ലീഡർ: പിതാവായ ദൈവമേ, അങ്ങയുടെ അനന്തകാരുണ്യത്തെ നന്ദിയോടുകൂടി ഞങ്ങൾ സ്മരിക്കുന്നു. ഈ കുടുംബത്തിനു നല്കിയിരിക്കുന്ന എല്ലാ അനുഗ്രഹങ്ങളെയും ഓർത്ത് ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. ജ്ഞാനസ്നാനം സ്വീകരിക്കുന്നതിനായി ദൈവാലയത്തിലേക്കു ഞങ്ങൾ ഇപ്പോൾ കൊണ്ടുപോകുന്ന ഈ മകനെ (മകളെ) അവിടുത്തെ തിരുമുമ്പിൽ ഞങ്ങൾ കാഴ്ചയർപ്പിക്കുന്നു.
ഇന്നു സഭംഗമായിത്തീരുന്ന ഈ കുഞ്ഞ് ഈ കുടുംബത്തിനു താങ്ങും തണലുമായി മാറട്ടെയെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു. മാമ്മോദീസാ സ്വീകരിക്കുന്ന ഈ മകനെ (മകളെ) എന്നും വിശുദ്ധിയിൽ അങ്ങു കാത്തുകൊള്ളണമേ. പരിശുദ്ധാത്മാവിന്റെ കൃപയാൽ ഈ കുഞ്ഞിനെ നിറയ്ക്കമേ. കാവൽമാലാഖയുടെ സാന്നിദ്ധ്യം എന്നും ഈ കുഞ്ഞിനുണ്ടാകട്ടെയെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു. പരിശുദ്ധ അമ്മേ, തിരുക്കുമാരനോട് ഈ കുഞ്ഞിനായി എന്നും മാദ്ധ്യസ്ഥം യാചിക്കണമേ, ആമ്മേൻ.
ലീഡർ: നന്മ നിറഞ്ഞ മറിയമേ, സ്വസ്തി! കര്‍ത്താവ് അങ്ങയോടുകൂടെ. സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.
പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ! പാപികളായ ഞങ്ങള്‍ക്കുവേണ്ടി, ഇപ്പോഴും, ഞങ്ങളുടെ മരണസമയത്തും, തമ്പുരാനോട് അപേക്ഷിയ്ക്കേണമേ. ആമ്മേന്‍.
ലീഡർ: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ: ആദിമുതൽ എന്നേക്കും, ആമ്മേൻ.

The Knanaya Global Foundation NFP, a non-profit organization registered in IL, USA that also undertakes many other projects on worldwide Knanaya Community hosts Knanayology.